Breaking News

മലയോര മനസ് കീഴടക്കി ഫിയസ്റ്റ പരപ്പ ഫെസ്റ്റ് ഇന്ന് സമാപിക്കും സമാപന വേദിയിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കും


വെള്ളരിക്കുണ്ട്: പരപ്പ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 2025 മാർച്ച് 29 മുതൽ ആരംഭിച്ച ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ഇന്ന് രാത്രിയിലെ പരിപാടിയോടുകൂടി അവസാനിക്കും. കഴിഞ്ഞ 11 ദിവസമായി പരപ്പയിൽ എത്തിച്ചേർന്ന പതിനായിരക്കണക്കിന്  മലയോര ജനങ്ങളാകെ നെഞ്ചോട് ചേർത്ത് പിടിച്ച മഹോത്സവമാണ് ഇന്ന് അവസാനിക്കുന്നത്. ഫിയസ്റ്റ പരപ്പ ഫെസ്റ്റ്  2025 ന്റെ  അനുബന്ധ പരിപാടികൾ സംഘടിപ്പിച്ച് പൂർത്തിയായിരിക്കുന്നുമാർച്ച് 30 മുതൽ ഒമ്പത് ദിവസങ്ങളിലായി സംഘടിപ്പിച്ച അനുബന്ധപരിപാടികളിൽ ജില്ലാതലത്തിൽ അറിയപ്പെടുന്ന പ്രഗൽഭരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിവിധ വിഷയങ്ങളിൽ ക്ലാസ്സ്  നടത്തിവന്നത്. പങ്കാളിത്തവും ഏറെ ശ്രദ്ധേയമായിരുന്നു.

         ഏപ്രിൽ ഏഴിന് നടന്ന സെമിനാർ അനുബന്ധ പരിപാടികളിലെ അവസാനത്തെ ദിവസമായിരുന്നു. കേരളീയ സമൂഹം ചർച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ.

 സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നൂതന പദ്ധതികളുടെ എല്ലാറ്റിന്റെയും നോഡൽ ഏജൻസി കുടുംബശ്രീ ആണെന്ന് നമുക്ക് വിശേഷിപ്പിക്കാം. അത്തരത്തിൽ പ്രാധാന്യമുള്ള, കുടുംബശ്രീ സഞ്ചരിച്ച 25 വർഷങ്ങളുടെ ഹ്രസ്വരൂപമാണ് സെമിനാറിലൂടെ സാധാരണ കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചത്. 

            " ശ്രീ സഞ്ചരിച്ച 25 വർഷങ്ങൾ "  എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ക്ലാസ് ഏപ്രിൽ 7 ന് സംഘാടകസമിതി ഓഫീസ് ഹാളിൽ  കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജമ്മ ബെന്നി  ഉദ്ഘാടനം ചെയ്തു. കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജു അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ ഡിഎംസി ഇൻ ചാർജ്  സി എച്ച് ഇക്ബാൽ ക്ലാസെടുത്തു. 

        കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി നീധീഷ് , സംഘാടകസമിതി ജനറൽ കൺവീനർ എ. ആർ.രാജു , വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണൻ , വാർഡ് എ ഡി എസ് സെക്രട്ടറിമാരായ ഐഷാ ഗഫൂർ , നീതി ടി എന്നിവർ സംസാരിച്ചു. രമണി രവി സ്വാഗതവും , സ്വർണലത. ടി നന്ദിയും പറഞ്ഞു.

         വൈകിട്ട് 7:00 മണിക്ക് കാളിയാനം വനിതവേദി അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.

7-30 ന് വാണിയംപാറ ചങ്ങമ്പുഴ കലാകായിക വേദി അവതരിപ്പിച്ച ഒബ്ബൺടി നാടകവും,

8-30 ന് വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജീവൻ ഇടയിലക്കാട് അവതരിപ്പിച്ച ഗസൽസന്ധ്യ അരങ്ങേറി.

 സമാപന ദിവസമായ ഇന്ന് വൈകുന്നേരം 8 മണിക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖപത്രം ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ അതിഥിയായി എത്തും.

 കഴിഞ്ഞ 10 ദിവസമായി ഫെസ്റ്റ് ക്യാമ്പസിനകം ഹരിത പ്രോട്ടോകോൾ പാലിച്ചു വൃത്തിയാക്കിയ കിനാന്നൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് അനുമോദനം നൽകും . സംഘാടകസമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ബുക്ക് ലെറ്റിൻ്റെ പ്രകാശനവും നടക്കും

        രാത്രി 8-30ന് ഫെസ്റ്റിന്റെ സമാപനം കുറിച്ച് പരപ്പ വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന ഫോക്ക് മെഗാ ഷോ നിറപൊലിമ അരങ്ങേറും.

               മലയോര ഗ്രാമ-നഗര ജനതയുടെ ഭാഗത്തുനിന്ന് ഇന്നലെവരെ നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇന്നത്തെ പരിപാടിയും വൻ വിജയമാക്കണമെന്ന് സംഘാടകസമിതി ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി, ജനറൽ കൺവീനർ എ.ആർ.രാജു എന്നിവർ അഭ്യർത്ഥിച്ചു

No comments