Breaking News

യാത്രയയപ്പ് പരിപാടിക്കിടയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതടക്കം എട്ടു കേസുകളിൽ പ്രതിയായ കളനാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു


കാസർകോട്: യാത്രയയപ്പ് പരിപാടിക്കിടയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതടക്കം എട്ടു കേസുകളിൽ പ്രതിയായ കളനാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കളനാട്, സമീർ മൻസിലിൽ കെ.കെ സമീറി (34)നെയാണ് മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കാസർകോട് ടൗണിലെ ഒരു സ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടികൾക്കിടയിൽ കഞ്ചാവ് ഉപയോഗിച്ച വിദ്യാർത്ഥികളെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കെ.കെ സമീർ ആണ് തങ്ങൾക്ക് കഞ്ചാവ് നൽകിയതെന്നാണ് വിദ്യാർത്ഥികൾ പൊലീസിനു മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തേടി കളനാട്ട് എത്തിയ പൊലീസിനെ സമീർ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്നു തന്നെ സമീറിനെ അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ, കാസർകോട്, ഹൊസ്ദുർഗ്, അമ്പലത്തറ പൊലിസ് സ്റ്റേഷനുകളിലും സമീറിനെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കൈവശം വയ്ക്കൽ, വിൽപ്പന, ഉപയോഗം, കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകൽ, പൊലീസിനെ ആക്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസുകൾ നിലവിലുള്ളതെന്നു കൂട്ടിച്ചേർത്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുള്ളവരെ കാപ്പ ചുമത്തി നാടു കടത്താനാണ് പൊലീസിന്റെ തീരുമാനം.

No comments