കശ്മീരിൽ ഭീകരാക്രമണം നടന്ന സ്ഥലത്ത് കുടുങ്ങിയവരിൽ ചുള്ളിക്കര സ്വദേശികളായ റിട്ട. അധ്യാപകരും
രാജപുരം : കശ്മീരിൽ ഭീകരാക്രമണം നടന്ന സ്ഥലത്ത് കുടുങ്ങിയവരിൽ ചുള്ളിക്കര സ്വദേശികളായ റിട്ട. അധ്യാപകരും. ഭീകരാക്രമണം നടന്ന പഹൽഗാമിൽ വിനോദയാത്രക്കെത്തിയ റിട്ട. അധ്യാപകർ ഉൾപ്പെട്ട 27 അംഗ സംഘമാണ് പ്രദേശത്ത് തങ്ങുന്നത്. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് കഷ്ടിച്ച് അഞ്ച് കിലോമീറ്റർ അടുത്തുണ്ടായിരുന്ന ഇവർ സംഭവമറിഞ്ഞ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു. ഭീകരാക്രമണ വിവരം അറിഞ്ഞതു മുതൽ ഇവരെ ബന്ധപ്പെടാൻ നാട്ടിലുള്ള ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതിനാൽ സാധിച്ചില്ല. പിന്നീട് അർധ രാത്രിയോടെ ടൂർ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് ഇവരുമായി സംസാരിച്ചെന്നും ഇവർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചെന്നും ചുള്ളിക്കരയിലുള്ള ബന്ധുക്കൾ അറിയിച്ചു. ടൂർ പാക്കേജിന്റെ ഭാഗമായി റിട്ട. അധ്യാപകരുടെ കൂട്ടായ്മയാണ് കശ്മീർ യാത്ര സംഘടിപ്പിച്ചത്. ആരോവാലി പഹൽഗാമിൽനിന്ന് മടങ്ങുന്നതിനിടയിലാണ് അക്രമം നടന്ന വിവരം ഇവർ അറിയുന്നത്. അക്രമം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വരെ സംഘം അവിടെയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 18 നാണ് ഇവർ കശ്മീരിലേക്ക് പുറപ്പെട്ടത്. അടുത്ത ദിവസംതന്നെ ഇവർ നാട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
No comments