പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പരപ്പ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു
പരപ്പ : മാർച്ച് 28 ന് തുടങ്ങി ഏപ്രിൽ 8 വരെ നടക്കുന്ന പരപ്പ സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഫിയസ്റ്റ പരപ്പ ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് വമ്പിച്ച വിജയമായി മാറുകയാണ്. പരപ്പയുടെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ നാടിൻ്റെ മഹോത്സവത്തിന് അഭൂതപൂർവ്വമായ ജനത്തിരക്കാണ് ദിനംപ്രതി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.
പതിനായിരക്കണക്കിന് ആളുകൾ ഇതിനോടകം ഫെസ്റ്റിൽ പങ്കാളികളായി. പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്.
ന്യൂനതകൾ പരിഹരിച്ച് ദീർഘവീക്ഷണത്തോടെയുള്ള മികച്ച സംഘാടനം ഫെസ്റ്റിൻ്റെ സുഗമമായ നടത്തിപ്പിന് പിൻബലമാകുന്നു.
ഫെസ്റ്റിന്റെ ഭാഗമായുള്ള ഫ്ലവർ ഷോ, കാർഷിക പ്രദർശനം, വിദ്യാഭ്യാസ ശാസ്ത്ര പ്രദർശനം, പുരാവസ്തു പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് തുടങ്ങിയവ ആളുകളെ ആകർഷിച്ച് വരുന്നു.
കൂടാതെ സ്റ്റേജ് പ്രോഗ്രാമിന് മുന്നോടിയായി സദസിലുള്ളവർക്ക് തൽസമയ ചോദ്യങ്ങളും സമ്മാനങ്ങളും നൽകി വരുന്നുണ്ട്.
ഫെസ്റ്റിന് മാറ്റ് കൂട്ടാൻ എല്ലാ ദിവസവും രാത്രി 8 മണിക്ക് കേരളത്തിലെ പ്രമുഖ ട്രൂപ്പുകളുടെ വിവിധ സ്റ്റേജ് ഷോകളും അരങ്ങേറുന്നുണ്ട്. ഏപ്രിൽ 3ന് അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടുമൊഴി നാടൻ പാട്ട് മേള കാണികളുടെ മനം കവർന്നു. പാട്ടും ആട്ടവും ദൃശ്വാവിഷ്ക്കാരവും കോർത്തിണക്കിയ 2 മണിക്കൂർ പ്രോഗ്രാം ജനങ്ങൾ ഏറ്റെടുത്തു. പരിപാടിക്കിടെ പ്രദേശത്തെ ഹരിതകർമ്മ സേനാംഗത്തെ വേദിയിൽ എത്തിച്ച് ആദരിച്ചത് ശ്രദ്ധേയമായി. ഫെസ്റ്റിൻ്റെ എട്ടാം ദിവസമായ ഏപ്രിൽ 4ന് വൈകിട്ട് 7 മണിക്ക് ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഗായകൻ അലോഷിയുടെ സംഗീത സന്ധ്യ അരങ്ങേറും, ഏപ്രിൽ 5ന് ഡി.ജെ വാട്ടർ ഡ്രം നൈറ്റ്, 6 ന് റോക്ക് മ്യൂസിക്കൽ നൈറ്റ്, 7 ന് ഗസൽ സന്ധ്യ, 8 ന് ഫോക്ക് മെഗാ ഷോ നിറപ്പൊലിമ എന്നിവയും അരങ്ങേറും.
No comments