Breaking News

ഉദുമയിൽ വീട്ടിൽ നിന്നും 11 കിലോ കഞ്ചാവ് പിടിച്ചു, സഹോദരങ്ങൾക്കെതിരെ കേസ് എടുത്തു


കാസർകോട്: ഡി ഐ ജിയുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 11.190 കിലോ കഞ്ചാവ് പിടികൂടി. ഉദുമ പഞ്ചായത്തിലെ ബാര, മുക്കുന്നോത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മംഗ്ളൂരുവിലും ഉദുമയിലും മേൽപ്പറമ്പിലും ഹോട്ടലുകൾ നടത്തുന്ന ഉസ്മാൻ എന്നയാളുടെ മക്കളായ മുക്കുന്നോത്ത് ഹൗസിലെ സമീർ, സഹോദരൻ മുനീർ എന്നിവർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഇവർക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിന്റെ മേൽനോട്ടത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ, എസ്.ഐ വി.കെ അനീഷ്, രാജപുരം എസ്.ഐ പ്രദീപ്, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങൾ, ഡാൻസാഫ് ടീം എന്നിവർ വെള്ളിയാഴ്ച രാത്രി 10 മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഇരുനില വീടിന്റെ മുകളിലെ നിലയിലെ കിടപ്പുമുറിയിൽ തട്ടിൻപുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

No comments