വീട്ടുകാർ കുടുംബസമേതം ഗൾഫിലേക്ക് പോയപ്പോൾ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 22 പവൻ സ്വർണം കവർന്നു
മഞ്ചേശ്വരം : വീട്ടുകാർ കുടുംബസമേതം ഗൾഫിലേക്ക് പോയപ്പോൾ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 22 പവൻ സ്വർണം കവർന്നു. മഞ്ചേശ്വരം ബീച്ച് ചർച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച. നവീനും കുടുംബവും ഏപ്രിൽ 21ന് ദുബായിലേക്ക് സന്ദർശകവിസയിൽ പോയതായിരുന്നു. ശനി രാത്രി എട്ടിന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ഇരുനിലവീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് സംശയിക്കുന്നു. കിടപ്പുമുറിയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചത്. നവീൻ മൊന്തേരയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ഇ അനൂപ്കുമാറിനാണ് അന്വേഷണച്ചുമതല. വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിനകത്തും പുറത്തുമുള്ള സിസിടിവി കവർച്ചാ സംഘം തകർത്തെങ്കിലും ഹാർഡ് ഡിസ്ക് ലഭിച്ചതിനാൽ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
No comments