കൊളത്തൂർ പാണ്ടിക്കണ്ടത്ത് ജനകീയ നീന്തൽ; പരിശീലിച്ചത് 136 കുട്ടികൾ
കൊളത്തൂർ : നിറഞ്ഞൊഴുകുന്ന പുഴയിൽ ഭീതിയൊന്നുമില്ലാതെ അവർ നീന്തിക്കയറി. പാണ്ടിക്കണ്ടത്തെയും പരിസരത്തെയും കുട്ടികൾ ഇനി ഏതു ജലാശയത്തിലും അനായാസം നീന്തിക്കയറാൻ പ്രാപ്തരായി. ജലാശയ അപകടം ഒഴിവാക്കാൻ പാണ്ടിക്കണ്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയിൽ ഒരു മാസം നീണ്ട ജനകീയ നീന്തൽ പരിശീലനത്തിൽ പങ്കെടുത്തത് 136 കുട്ടികൾ. പരിശീലിപ്പിച്ചത് ആയിരത്തിലധികം കുട്ടികളെ ഇതിനകം നീന്തൽ പരിശീലിപ്പിച്ച കുറ്റിക്കോൽ അഗ്നി രക്ഷാനിലയം സിവിൽ ഡിഫൻസംഗം എ ടി ശശിധരൻ. അജയൻ കളവയൽ ഗ്രന്ഥാലയം ആൻഡ് വായനശാലയും പാണ്ടിക്കണ്ടം പയസ്വിനി കലാകായിക സമിതിയും പങ്കാളിത്ത ഹരിത സമിതിയും കുറ്റിക്കോൽ ഫയർ ആൻഡ് റെസ്ക സ്റ്റേഷനും ചേർന്നാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്. കാസർകോട് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിശീലനം. പാണ്ടിക്കണ്ടം, കൊളത്തൂർ, കുണ്ടംകുഴി, ബന്തടുക്ക പ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് പരിശീലനം നേടിയത്. പാണ്ടിക്കണ്ടത്ത് നടന്ന പാസിങ് ഔട്ട് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷനായി. നീന്തൽ പരിശീലകനായ കുറ്റിക്കോൽ അഗ്നി രക്ഷാസേന സിവിൽ ഡിഫൻസംഗം എ ടി ശശിധരനെ ആദരിച്ചു. കുറ്റിക്കോൽ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഗോകുൽദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ, ജില്ലാ
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി ജോയ്, കെ പ്രിയ, ബി എൽ നൂർജഹാൻ, കെ മുരളീധരൻ, മാധവൻ ബെദിര, ടി നാരായണൻ കൊളത്തൂർ, എ പ്രദീപ് കുമാർ, എ രാജേഷ്, മണികണ്ഠൻ പാണ്ടിക്കണ്ടം, പൊക്കായി, കെ ബാബുരാജ്, കെ സുലോചന എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ ചാളക്കാട് സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
No comments