Breaking News

ബാല്യത്തോടുള്ള വേട്ടയാടലുകൾക്കെതിരെ കുട്ടിക്കൂട്ടായ്മയുടെ പ്രതിരോധം: ജില്ലാപഞ്ചായത്ത് നിർമ്മിച്ച പച്ചത്തെയ്യം സിനിമാ പ്രദർശനം 10ന് രാവിലെ കാഞ്ഞങ്ങാട്ട്


കാസർകോട് : സ്കൂളടച്ച് തുറക്കും മുമ്പേ തച്ചങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസുകാരൻ ശ്രീഹരി സജിത്ത് ഇമ്മിണി വലിയൊരു സിനിമയിലെ നായകനായി. അഞ്ചാംക്ലാസുകാരിയാണെങ്കിലെന്ത്? കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിലെ പാർവണ ഡി രാജ് നായികയാണ്. മലയാള സിനിമയ്ക്ക് ഭാവിയിലേക്ക് ലക്ഷണമൊത്ത വില്ലനെ സമ്മാനിക്കുന്നുണ്ട് കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ധാർമിക് കാടകത്തിന്റെ അഭിനയം. പാഠ്യപദ്ധതിയിൽ ഉൾപ്പെട്ട സിനിമയെ പഠിക്കാൻ കുട്ടികളുടെ സിനിമ പിടിച്ചിരിക്കയാണ് ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് സംരംഭമായ സൺഡേ തിയറ്ററിന്റെ ബാനറിൽ ഒരുക്കിയ സിനിമ 'പച്ചത്തെയ്യത്തിന്റെ ആദ്യപ്രദർശനം ശനിയാഴ്ച കാഞ്ഞങ്ങാട് ദീപ്തി തിയറ്ററിൽ നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി
സിനിമയുണ്ടാക്കുന്നത്. മൊബൈൽ ഗെയിമുകളുടെ സ്വാധീനം കുട്ടികളെ വഴിതെറ്റിക്കുന്നതും കുട്ടികൾതന്നെ കളികളിലൂടെ പ്രതിരോധം തീർക്കുന്നതുമാണ് കഥ. ചലച്ചിത്ര -- നാടകപ്രവർത്തകൻ ഗോപി കുറ്റിക്കോലാണ് സംവിധാനം. പത്തുലക്ഷം രൂപ ചെലവിലാണ് സിനിമ പൂർത്തിയാക്കിയത്. 19 കുട്ടികൾക്കൊപ്പം അഭിനേതാക്കളായ അനൂപ് ചന്ദ്രൻ, ഉണ്ണിരാജ് തുടങ്ങിയവരുമുണ്ട്. 100 മിനുട്ട് ദൈർഘ്യമുള്ള സിനിമ പൂർണമായും ജില്ലയിലെ ഗ്രാമങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമാ ശിൽപശാലയ്ക്കെത്തിയ നൂറോളം കുട്ടികളിൽ നിന്നാണ് നടീനടൻമാരെ തെരഞ്ഞെടുത്തത്. സിനിമയുടെ സാങ്കേതിക അറിവുകൾ ഉൾപ്പെടെ കുട്ടികൾ പ്രായോഗികമായി പരിശീലിക്കുന്നുവെന്ന പ്രത്യേകതകൂടി സംരംഭത്തിനുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എസ് എൻ സരിതയും സെക്രട്ടറി എസ് ശ്യാമലക്ഷ്മിയും പറഞ്ഞു. ദീപ്തി തിയറ്ററിൽ രാവിലെ 8.30ന് ആദ്യപ്രദർശനം രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യും.
സെൻസറിങിനുശേഷം തിയറ്ററുകളിലും സ്കൂളുകളിലും ഉൾപ്പെടെ
പ്രദർശനമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംവിധായകൻ ഗോപി കുറ്റിക്കോൽ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എം എസ് ശബരീഷ്, മണി കാവുങ്കാൽ, എം സി ശശി എന്നിവരും പങ്കെടുത്തു.

No comments