കാസർകോട് 13.394 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
കാസർകോട് :13.394 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മംഗ്ളൂരു കെ.സി റോഡ് പുലിക്കൂർ സ്വദേശിയും മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ബി.എം ഇസ്മയിലി (27)നെയാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരം ഭാഗത്ത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻ എത്തിക്കുന്നവരിൽ ഒരാളാണ് അറസ്റ്റിലായ ഇസ്മയിലെന്നു അധികൃതർ പറഞ്ഞു. ഇയാൾ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കൈവശം മയക്കുമരുന്നു എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ സംഘത്തിലെ ആൾക്കാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ.ആർ പ്രജിത്ത്, സി.ഇ.ഒ മാരായ വി.പി ഷിജിത്ത്, കെ. ഗണേശൻ, കെ.പി ജോബി, എന്നിവരും ഉണ്ടായിരുന്നു. എക്സൈസ് കെമു യൂണിറ്റിന്റെ സഹായവും ഉണ്ടായിരുന്നു.
No comments