മഹിളാ കേന്ദ്രത്തിൽ നിന്നും കുടുംബ ജീവിതത്തിലേക്ക്.. ഷംസീനയുടെ കൈപിടിച്ച് അഭിരൂപ്
ചായ്യോം : പത്തുവർഷം മുമ്പ് ഉറ്റവർ നഷ്ടപ്പെട്ട ഷംസീന എന്ന പെൺകുട്ടി പടന്നക്കാട്ടെ മഹിളാ സമഖ്യയുടെ ശിക്ഷൺ കേന്ദ്രത്തിലെത്തിയപ്പോൾ അവിടുത്തെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. ബന്ധമെന്ന് പറയാൻ ആരുമില്ലെങ്കിലും ഷംസീനയുടെ വിവാഹം നടത്താൻ ഉഷാറായതും കേന്ദ്രത്തിലെ സ്ത്രീകൾ. വിവാഹം ലളിതമെങ്കിലും സന്തോഷത്തിന്റെ ആർഭാടത്തോടെ ഏറ്റെടുത്ത് നടത്തി.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ പടന്നക്കാട്ടെ മഹിളാ സമഖ്യ സൊസൈറ്റിയുടെ സംരക്ഷണത്തിൽ പത്തുവർഷമായി കഴിയുന്ന ഷംസീനയുടെ വിവാഹമാണ് ചായ്യോം തംബുരു ഓഡിറ്റോറിയത്തിൽ നടന്നത്. വരൻ മടിക്കൈ കാഞ്ഞിരപ്പൊയിലിലെ പി അഭിരൂപ്. ബുധൻ പകൽ 11ന് ചായ്യോത്തെ തംബുരു ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി അഭിരൂപ് ഷംസീനയുടെ കഴുത്തിൽ താലികെട്ടി. വിവാഹത്തിന് കലക്ടർ കെ ഇമ്പശേഖരൻ
കാർമികത്വം വഹിച്ചു. വധുവിന്റെ കൈപിടിച്ച് കാഞ്ഞിരപ്പൊയിലിലെ കാനത്തിൽ ബാബുവിന്റെയും ലീല യുടെയും മകൻ അഭിരൂപിനെ ഏൽപ്പിച്ച കലക്ടർ ഇരുവർക്കും സ്നേഹാശംസകൾ നൽകി. ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഢി, എഎസ്പി പി ബാലകൃഷ്ണൻ നായർ, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി കെ രവി, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മധുസൂദനൻ, മഹിളാ സമഖ്യ പ്രൊജക്ട് ഓഫീസർ എൽ രമാദേവി, മഹിളാ സമഖ്യ ജില്ലാ കോ ഓഡിനേറ്റർ എൻ പി അസീറ തുടങ്ങിയവർ പങ്കെടുത്തു.
No comments