ഇന്ത്യ തകർത്തത് 600 പാക് ഡ്രോണുകൾ; നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി
ദില്ലി: ഇന്ത്യ പാകിസ്ഥാൻ സംഘർഷ സമയത്ത് സേന തകർത്തത് 600 പാക് ഡ്രോണുകൾ. നാലോ അഞ്ചോ പാക് ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. അവയെല്ലാം ഇന്ത്യൻ സേന തകർത്തു. ഡ്രോണുകളിൽ മുൻതൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.
അതേസമയം, റാവൽപിണ്ടിക്കടുത്തുള്ള നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സമ്മതിച്ചു. പത്താം തീയതി പുലർച്ചെ 2.30യ്ക്ക് നൂർഖാൻ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീർ തന്നെ അറിയിച്ചു എന്നാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്.
No comments