Breaking News

മൊഗ്രാല്‍ പുഴയുടെ കൊപ്പല്‍ അഴിമുഖത്ത് നിന്നും മണലൂറ്റ് തോണികള്‍ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു


മണലെടുത്ത ശേഷം മൊഗ്രാല്‍ പുഴയുടെ കൊപ്പളം അഴിമുഖത്തില്‍ വെള്ളത്തില്‍ താഴ്ത്തിവെച്ചിരുന്ന മണലൂറ്റുന്ന 10 തോണികള്‍ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. പുഴയുടെ ഈ ഭാഗങ്ങളില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്നുണ്ടെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡി കഴിഞ്ഞ ദിവസം പുഴ സന്ദര്‍ശിക്കുകയും ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഡിവൈഎസ്പി സി.കെ സുനില്‍ കുമാറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഡിവൈഎസ്പി സി.കെ സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, പ്രൊബേഷണല്‍ എസ്‌ഐ ആനന്ദകൃഷ്ണന്‍, എഎസ്‌ഐ മനോജ്, ഡിവൈഎസ്പിയുടെ പ്രത്യേക ടീം അംഗങ്ങള്‍ ചേര്‍ന്ന് പുഴയില്‍ താഴ്ത്തിവെച്ചിരുന്ന തോണികള്‍ കണ്ടെടുത്ത് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. രാത്രി മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാപകമായി മണല്‍ വാരുന്ന സംഘങ്ങള്‍ വാരിയെടുത്ത മണല്‍ രാത്രി തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്ത ശേഷമാണ് മണലൂറ്റുന്നതിനായി ഉപയോഗിച്ച തോണി പുഴയില്‍ താഴ്ത്തി ഒളിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വീണ്ടും തോണികള്‍ മുങ്ങിയെടുത്ത രാത്രി മുഴുവന്‍ അനധികൃതമായി മണലൂറ്റുകയാണ് സംഘത്തിന്റെ സ്ഥിരം പരിപാടിയെന്ന് പൊലീസും വ്യക്തമാക്കി. തുടര്‍ന്ന് ഇത്തരം സംഘത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. 

No comments