Breaking News

പെരിയ, നവോദയ നഗറിൽ മാലിന്യക്കുഴിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു


കാസർകോട്: പെരിയ, നവോദയ നഗറിൽ നിർമ്മാണത്തിലിരിക്കുന്ന സർവ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി ഡെംമ്പു (37)വിന്റെതാണ് മൃതദേഹമെന്നാണ് ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡെംമ്പുവിന്റേതാണെന്നു ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനു ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി മരിച്ചയാളുടെ മകനെ ബേക്കലിലേക്ക് വിളിച്ചിട്ടുണ്ട്. മെയ് 16ന് ആണ് നവോദയ നഗറിൽ നിർമ്മാണത്തിലിരിക്കുന്ന സർവ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയിൽ യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. രാസപരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കുവാൻ കഴിയൂവെന്നാണ് ഫോറൻസിക് വിഭാഗം പൊലീസിനെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഒരു കാൽ മുട്ടിന്റെ ചിരട്ട ഭാഗം സ്ഥാനം തെറ്റിയതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ഇതു വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
മാലിന്യക്കുഴിക്കു സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പണിക്കാണ് ഡെംമ്പു മെയ് അഞ്ചിന് ഒഡീഷയിൽ നിന്നും എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്നു രാത്രി താമസസ്ഥലത്ത് വച്ച് മാനസിക പ്രശ്നങ്ങൾ കാണിക്കുകയും തലങ്ങും വിലങ്ങും ഓടുകയുമായിരുന്നുവത്രെ. ഇക്കാര്യം കൂടെ ഉണ്ടായിരുന്നവർ നാട്ടിലുള്ള മകനെ ഫോൺ ചെയ്ത് അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള സ്വഭാവം ഉണ്ടാകാറുണ്ടെന്നും അൽപ സമയത്തേക്ക് കൈകാലുകൾ കെട്ടിയിട്ടാൽ മതിയെന്നായിരുന്നു ഫോൺ ചെയ്തവർക്ക് മകൻ നൽകിയ മറുപടിയെന്നു പറയുന്നു. ഇതനുസരിച്ച് കൈകാലുകൾ കെട്ടി താമസസ്ഥലത്ത് കിടത്തിയ ഡെംമ്പുവിനെ രാത്രി രണ്ടു മണിയോടെ കാണാതാവുകയായിരുന്നുവത്രെ. തുടർന്ന് കൂടെ താമസിക്കുന്നവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്നും പകൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഭയം കാരണം കൂടെ താമസിച്ചിരുന്നവർ രായ്ക്കുരാമാനം ജോലി ഉപേക്ഷിച്ച് താമസസ്ഥലത്ത് നിന്നു ഹൈദരാബാദിലേക്ക് കടന്നു കളയുകയായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് അയക്കാൻ സാമ്പിൾ നൽകുന്നതിനായി മകൻ എത്തുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

No comments