Breaking News

80 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുതിരയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു


നീലേശ്വരം : 80 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുതിരയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു. ശനി പകൽ ഒന്നോടെയാണ് പുത്തിലോട്ടെ  കെ വിജയന്റെ കുതിര തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുതിരയെ രക്ഷിച്ചത്. വിജയന്റെ മകൻ വിജേഷ് കിണറ്റിലിറങ്ങി അഗ്നിരക്ഷാസേനയുടെ നിർദേശത്തിൽ കുതിരയെ വടവുമായി ബന്ധിപ്പിച്ചു. തുടർന്ന് നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും

സഹായത്തോടെ മുകളിലേക്ക് വലിച്ചുകയറ്റി. വെള്ളമില്ലാത്ത കിണറിന്റെ അടിഭാഗം ചതുപ്പായതിനാൽ കുതിരക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. പള്ളിക്കര ബീച്ചിൽ കുറച്ചുകാലം സവാരിക്കായി ഉപയോഗിച്ചിരുന്ന കുതിരയെ രണ്ടുവർഷം മുമ്പ് പാലക്കാട് നിന്നാണ് വിജയൻ വാങ്ങിയത്. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ വി പ്രഭാകരൻ, സീനിയർ ഓഫീസർ പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഒമ്പതംഗ ടീമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


No comments