നിരവധി ഭർത്താക്കന്മാരെ ഒരേ സമയം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധ, ഫോൺ വിളികൾക്കും രേഷ്മയ്ക്ക് കൃത്യമായ സമയക്രമം
തിരുവനന്തപുരം: പത്തോളം വിവാഹങ്ങൾ നടത്തി മുങ്ങി, ഒടുവിൽ തിരുവനന്തപുരത്ത് പിടിയിലായ രേഷ്മ ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായിരുന്നുവെന്ന് പൊലീസ്. ഒരാളുടെ കൂടെ ജീവിക്കുമ്പോൾ മറ്റൊരാൾക്ക് ഒരു സംശയവും തോന്നാത്ത രീതിയിലുള്ള പെരുമാറ്റവും ഇടപെടലുകളുമാണ് രേഷ്മ നടത്തിയിരുന്നത്. ഒരു കുടുംബം മാത്രമുള്ളവർ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്പോഴാണ് ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് മുന്നോളം പേരെ ഒരേ സമയം രേഷ്മ മാനേജ് ചെയ്തിരുന്നത്. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. എന്നാൽ ഒടുവിൽ വിവാഹം കഴിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗം തന്റെ സുഹൃത്തിൻ്റെ വീട്ടിൽ രേഷ്മയെ താമസിപ്പിച്ചപ്പോഴാണ് ഫോൺ വിളികളിൽ സുഹൃത്തിന്റെ ഭാര്യയ്ക്ക് സംശയം തോന്നിയത്
വിവാഹത്തിന് തൊട്ടുമുമ്പ് ബ്യൂട്ടി പാർലറിൽ ഒരുങ്ങാൻ കയറുന്നതിനിടെ ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് മനസിലാക്കി പൊലീസിൽ പരാതി നൽകിയത്. വിവാഹം കഴിച്ചവരിൽനിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്‌മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. കല്യാണത്തിന് സ്വർണമാല തന്നെ വേണമെന്ന് പോലും രേഷ്മ ആവശ്യപ്പെട്ടിരുന്നില്ല. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ആര്യനാട് സ്വദേശിയുമായി നടക്കാനിരുന്ന വിവാഹത്തിലും രേഷ്മ പണം സംബന്ധിച്ചോ സ്വർണത്തെക്കുറിച്ചോ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്ന് പരാതിക്കാരൻ വിശദമാക്കുന്നത്.
റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ മാത്രമേ വിവാഹങ്ങൾ സംബന്ധിച്ച് വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് ഇവർ വാങ്ങിയിരുന്നതെന്നാണ് പ്രാഥമിക വിവരം. ആഭരണങ്ങളെല്ലാം രേഷ്‌മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്‌മയുടെ മൊഴി. 2014ൽ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ വിവാഹം തുടങ്ങിയതായാണ് വിവരം. ഈ ബന്ധം ഒഴിഞ്ഞ ശേഷം പഠനത്തിനൊപ്പം വിവാഹങ്ങളും നടന്നു. ഇടയ്ക്ക് ബീഹാറിൽ അധ്യാപികയായിരുന്നെന്ന് പറയുന്ന ഇവർ, 2024-ൽ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാൻ നിശ്ചയിക്കുകയും ചെയ്‌തത്.
No comments