Breaking News

മീനുകളെക്കുറിച്ച് പഠിക്കാൻ ആയന്നൂരിലെ കുട്ടികളുടെ പരിസ്ഥിതിയാത്ര


ആയന്നൂർ:   മീനുകളെക്കുറിച്ച് പഠിക്കാൻ കുട്ടികളുടെ പരിസ്ഥിതിയാത്ര. മീനുകളുടെ കൗതുക ലോകം തേടിയുള്ള യാത്രയായിരുന്നു ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ബാലവേദി 'ഒരു മീൻകഥ സൊല്ലട്ടുമാ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി. നാട്ടുമീനുകൾ തേടി മഴയിലൂടെ കുട്ടികൾ ആയന്നൂരിലെ ജലസ്രോദസുകളിലൂടെ സഞ്ചരിച്ചു.

പരിസ്‌ഥിതി, ചലചിത്ര പ്രവർത്തകനും ഫോട്ടോഗ്രഫറുമായ ജയേഷ് പാടിച്ചാലായിരുന്നു ഉദ്ഘാടകൻ. നാട്ടുമീനുകൾ ഉൾപ്പെടെയുള്ള ജലജീവികളിലെ ജൈവവൈവിധ്യവും അവയുടെ പ്രജനനവും കാലചക്രവും സവിശേഷതകളുമെല്ലാം ജയേഷ് കുട്ടികൾക്കു മുന്നിൽ വിവരിച്ചു. തുടർന്ന് എഴുത്തുകാരനും അധ്യാപകനുമായ ജിതേഷ് കമ്പല്ലൂർ കുട്ടികളുമായി സംവദിച്ചു.പാട്ടുപാടിയും മഴയിൽ തിമർത്തും കുട്ടികൾ പ്രകൃതി സൗന്ദര്യം ആവോളം നുകർന്നു.

ഗ്രന്ഥശാല പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ഡി.വിനോദ്, പി.വി.സജീവൻ, എം.ഗോപാലകൃഷ്ണൻ, നന്ദു ഭാസ്കർ, എം.പ്രിയ, ആതിര സരിത്ത്, നന്ദന ഷിജു തുടങ്ങിയവർ നേതൃത്വം നൽകി

No comments