Breaking News

അഡൂർ, ഉർഡൂറിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം ; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ


കാസർകോട്: അഡൂർ, ഉർഡൂറിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം. സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. ചൊവ്വാഴ്ച വൈകിട്ടാണ് ചന്ദനക്കാട്ടെ തെയ്യം കലാകാരൻ ടി. സതീശൻ എന്ന ബിജു (46) വിനെ അയൽവാസിയായ ചോമണ്ണനായികിന്റെ വീട്ടുവരാന്തയിൽ അബോധാവസ്ഥ യിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റു മോർട്ടത്തിലാണ് സതീശന്റെ മരണത്തിൽ ദുരൂഹത ഉയർന്നത്. പോസ്റ്റുമോർട്ടത്തിൽ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിന്റെ പിറകു ഭാഗത്തും ആന്തരിക പരിക്ക് കാണപ്പെട്ടു. ഇക്കാര്യം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പോലീസിനു മൊഴി നൽകി. തുടർന്ന് ബേക്കൽ ഡി.വൈ. എസ്.പി വി.വി മനോജിന്റെ മേൽനോട്ടത്തിൽ ബേഡകം പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലിന്റെ കേസ് അന്വേഷണത്തിലാണ്
കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മരണപ്പെട്ട സതീശനും പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ചന്ദനക്കാട്ടെ ചിതാനന്ദനും സുഹൃത്തുക്കളാണ്. ഇരുവരും പലപ്പോഴും അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിൽ വച്ച് മദ്യപിക്കാറുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഇരുവരും വരാന്തയിൽ ഇരുന്നു മദ്യപിച്ചു. വീട്ടുടമസ്ഥനു മദ്യം നൽകി. പിന്നീട് മദ്യ ലഹരിയിൽ സതീശനും ചിതാനന്ദനും വാക്കു തർക്കമുണ്ടായി. കോലായിൽ ഇരിക്കുകയായിരുന്ന സതീശനെ പിറകിൽ നിന്നു തള്ളി താഴെയിട്ടു. തല കുത്തി വീണ സതീശനെ എടുത്തു കൊണ്ടു പോയി വരാന്തയിൽ കിടത്തി. വേദനിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ മൂവ് എന്ന
ഓയിന്റ്മെന്റ്റ് പുരട്ടിക്കൊടുത്തു. പിന്നീട് വേദനയ്ക്കുള്ള ഗുളികകളും നൽകി. ഇതിനിടയിൽ സതീശൻ അബോധാവസ്ഥയിലായതോടെ ഉറങ്ങുകയാണെന്നു ധരിച്ച് ചിതാനന്ദൻ സ്ഥലത്തു നിന്നും പോയി. ചൊവ്വാഴ്ചയും സതീശൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരി സൗമിനി ഫോൺ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നു. മറുപടി പറഞ്ഞത് എന്താണെന്നു വ്യക്തമായിരുന്നില്ല. മദ്യലഹരിയിലായിരിക്കുമെന്നാണ് കരുതിയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും സഹോദരനെ കാണാത്തതിനെ തുടർന്ന് സൗമിനി അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിലേക്ക് പോയി. ഈ സമയത്താണ് സതീശനെ വീട്ടു വരാന്തയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി കേട്ട ശേഷം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടം നടക്കുമ്പോഴോ സംസ്കാര ചടങ്ങിലോ ചിതാനന്ദൻ പങ്കെടുത്തിരുന്നില്ലെന്നു പോലീസ് തിരിച്ചറിഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മനഃപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയായിരിക്കാം ചിതാനന്ദനെ അറസ്റ്റു ചെയ്യുകയെന്നാണ് സൂചന.

No comments