ബോട്ടുകൾ ഒഴിഞ്ഞു... പരമ്പരാഗത ചെറുവള്ളങ്ങൾ തീരക്കടലിൽ; ജില്ലയുടെ തീരത്തുനിന്ന് ലഭിച്ചത് കിളിമീനും അയിലയും ചെമ്മീനും...
കാസർകോട് : ട്രോളിങ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ ഒഴിഞ്ഞ കടലിൽ മീൻ കൊയ്ത്തിനിറങ്ങാൻ ചെറുവള്ളങ്ങൾ. ട്രോളിങ് നിരോധനം തുടങ്ങി
ആദ്യരണ്ടുദിവസം ചെറുവള്ളങ്ങളിൽ ജില്ലയുടെ തീരത്തുനിന്ന് ലഭിച്ചത് കിളിമീനും ഇടത്തരം അയിലയും ചെമ്മീനും. ചില വലിയ വള്ളങ്ങൾക്ക് മത്തിയും ലഭിച്ചു. പരമ്പരാഗത വള്ളങ്ങളെ സംബന്ധിച്ച് കൂടുതൽ മീൻ ലഭിക്കുന്ന സമയമാണെങ്കിലും പ്രതീക്ഷിച്ചത്ര ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറഞ്ഞത്. തീരക്കടലിൽ ഇതിനകം മത്തിയുടെ സാന്നിധ്യം ദൃശ്യമായത് പ്രതീക്ഷ പകരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ വള്ളങ്ങൾക്ക് ഇടത്തരം വലുപ്പമുള്ള മത്തി ലഭിച്ചിരുന്നു. എങ്കിലും അയിലയാണ് കൂടുതൽ ലഭിച്ചത്. രുചിയിലും പിന്നിലല്ലാത്ത ഇവ കിലോക്ക് 150 രൂപ മുതലായിരുന്നു വിൽപന. മാർക്കറ്റിൽ 200 രൂപയായി. ചെമ്മീന് 160 രൂപ വരെയായിരുന്നു കിലോക്ക് വില. കാറ്റിലും മഴയിലും കടൽ ഇളകിമറിഞ്ഞാൽ പൂവാലൻ ചെമ്മീൻ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. പുതിയ വല വാങ്ങുന്നത് ലക്ഷങ്ങളുടെ പണച്ചെലവുള്ള കാര്യമായതിനാൽ അറ്റകുറ്റപ്പണി നടത്തി പഴയ വല തന്നെയാണ് പലരും ഉപയോഗിക്കുന്നത്. 3000 കിലോഗ്രാം വലയാണ് 50 പേർ ജോലി ചെയ്യുന്ന വള്ളത്തിൽ വേണ്ടത്. ഒരു കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിലാണ് നിലവിൽ വലയുടെ വില. പരമ്പരാഗത വള്ളങ്ങൾ അടക്കം ചെറുതും വലുതുമായ രണ്ടായിരത്തിലധികം വള്ളങ്ങൾ ജില്ലയിലുണ്ട്. നിരോധന കാലത്ത് വള്ളങ്ങൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ലെങ്കിലും കടലിൽ മീൻ ലഭ്യത വളരെ
കുറവായതിനാൽ പകുതിയോളം വള്ളങ്ങളും കടലിൽ ഇറങ്ങിയില്ല. ശക്തമായ മഴവന്ന് കടലിളകി അടിഭാഗത്തെ ചെളിമണ്ണ് കടലിന്റെ ഉപരിതലത്തിൽ എത്തിയാൽ അയല, ചെമ്മീൻ തുടങ്ങിയ മീനുകൾ ലഭിക്കും. ഈ കോളും പ്രതീക്ഷിച്ചാണ് തൊഴിലാളികൾ കഴിയുന്നത്.
No comments