പിക്കപ്പ് വാനിൽ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ ചന്തേര പൊലീസ് പിടികൂടി
കാസർകോട്: പിക്കപ്പ് വാനിൽ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ ചന്തേര പൊലീസ് പിടികൂടി. ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികൾ പിടിയിലായി. മധൂർ ഉളിയത്തടുക്ക ജയ് മാതാ സ്കൂൾ സമീപം താമസിക്കുന്ന എവി ഷമീർ (40), ആരിക്കാട് സ്വദേശി ബി.സിദ്ദിഖ് (38)എന്നിവരെ സബ് ഇൻസ്പെക്ടർ എൻകെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ദേശീയപാത മട്ടലായി പെട്രോൾ പമ്പിന് സമീപം വച്ച് വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ വാഹന പരിശോധന നടത്തിയത്. കാസർകോട് ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പിനെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പാൻ മസാല ശേഖരം കണ്ടെത്തിയത്. പിക്കപ്പ് വാനും പാൻ മസാല ഉൽപന്നങ്ങളും സ്റ്റേഷനിലെത്തിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ്, ഹോംഗാർഡ് രാമചന്ദ്രൻ എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.
No comments