
കരിന്തളം:ഫെസ്റ്റിവൽ സീസണിലും മറ്റും വിമാന കമ്പനികൾ അന്യായമായി നടത്തുന്ന ടിക്കറ്റ് വർദ്ധനവിലെ കൊള്ള'അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം കരിന്തളം ഈസ്റ്റ് മേഖല സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു .ഉത്സവ സീസണുകളിൽ എല്ലാം തന്നെ സാധാരണയുള്ളതിനേക്കാളും മൂന്നും നാലും ഇരട്ടി തുകയാണ് പല വിമാന കമ്പനികളും ടിക്കറ്റ് ചാർജ് ആയി ഈടാക്കുന്നത്. ഇതു മൂലം കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്നവർക്ക് ആ സമയങ്ങളിൽ നാട്ടിലേക്ക് വരുവാനും തിരിച്ചു പോകുവാനും കഴിയാത്ത സ്ഥിതിയാണ്. യാത്ര ചെയ്യണമെങ്കിൽ തന്നെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.ഇത് പലർക്കും താങ്ങുവാൻ കഴിയുന്നതല്ല. അതു കൊണ്ട് സർക്കാർ തലത്തിൽ ഇടപെട്ട് നിരക്ക് ഏകീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് പ്രവാസി സമൂഹത്തെ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡൻ്റ് എൻ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള പ്രവാസി സംഘം കാസർകോട് ജില്ലാ സെക്രട്ടറി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വെച്ച് രാജ്യാന്തര അത്ലറ്റിക് മീറ്റിൽ ഉൾപ്പെടെ മെഡലുകൾ വാരിക്കൂട്ടിയ കരിന്തളത്തെ ദമ്പതികളായ പി വി ബിജു, ടി ശ്രുതി എന്നിവരെ ആദരിച്ചു.ജില്ലാ കമ്മിറ്റി അംഗം പത്രോസ് എളേരി,നീലേശ്വരം ഏരിയാ സെക്രട്ടറി സുഭാഷ് ചാത്തമത്ത്,ഏരിയ കമ്മിറ്റി അംഗം ഒ പി ദിവാകരൻ,അമ്പൂഞ്ഞി മുക്കട, വാസു കരിന്തളം എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി വി രാമചന്ദ്രൻ സ്വാഗതവും ട്രഷറർ കെ കരുണാകരൻ നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികളായി എൻ ബാലകൃഷ്ണൻ (പ്രസിഡൻറ്), പി വി രാമചന്ദ്രൻ (സെക്രട്ടറി), കെ കരുണാകരൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു
No comments