Breaking News

തേങ്ങ വില ഉയരുന്നു ; ബേഡകത്ത് 200 തേങ്ങ മോഷ്ടിച്ച ആളെ പൊലീസ് അറസ്റ്റു ചെയ്തു


കാസർകോട് : തേങ്ങവില സർവ്വകാല റെക്കോർഡിൽ. ഒരു കിലോ തേങ്ങക്ക് തിങ്കളാഴ്ച 72 രൂപ മുതൽ 74 രൂപ വരെയാണ് കർഷകർക്ക് ലഭിച്ചത്. നനവില്ലാത്ത തേങ്ങ 74 രൂപ നിരക്കിലാണ് വാങ്ങിച്ചതെന്നു പെരിയയിലെ പ്രമുഖ മലഞ്ചരക്കു വ്യാപാരി സുനിൽ കുമാർ പറഞ്ഞു. വെളിച്ചെണ്ണ വിലയും ഉയരത്തിലാണ്. 400 രൂപയാണ് ഒരു ലിറ്ററിനു വില. ഇത് ഇനിയും ഉയരുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന.
വില ഉയരുന്നതിനൊപ്പം തേങ്ങ മോഷണവും പതിവായതായി കർഷകർ പരാതിപ്പെടുന്നു. 200 തേങ്ങ മോഷ്ടിച്ച ആളെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. മുന്നാട്, ജയപുരത്തെ മണി (34)യെ ആണ് അറസ്റ്റ് ചെയ്തത്. പായത്തെ എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പെരിങ്ങാനത്തെ തോട്ടത്തിൽ വീണു കിടന്ന 80 കിലോ തൂക്കം വരുന്ന 200 തേങ്ങകളാണ് മോഷണം പോയതെന്നു ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. 5600 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേ സമയം പുഴയിലും തോടുകളിലും ഒഴുകിയെത്തുന്ന തേങ്ങ പിടിക്കുന്നവർ ഇത്തവണ നിരാശയിലാണ്. നേരത്തെ പ്രതിദിനം നൂറു തേങ്ങകൾ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 തേങ്ങകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. മികച്ച വില ലഭിക്കുന്നതു കാരണം തേങ്ങ നഷ്ടപ്പെടാതിരിക്കുവാൻ കർഷകർ ജാഗ്രത കാണിക്കുന്നതാണ് തേങ്ങ പിടിത്തക്കാരെ നിരാശയിലാക്കിയത്. റബ്ബർ വിലയും മെച്ചപ്പെട്ടു വരുന്നതായാണ് കർഷകർ പറയുന്നത്. കോട്ടയം മാർക്കറ്റിൽ 200 രൂപ കടന്നു. വെള്ളരിക്കുണ്ട്, പെരിയ മാർക്കറ്റുകളിൽ 197 രൂപയാണ് തിങ്കളാഴ്ച കർഷകർക്ക് ലഭിച്ചത്. 490 രൂപ വരെ എത്തിയ അടയ്ക്ക വില 475ൽ എത്തി മാറ്റമില്ലാതെ തുടരുന്നു. കുരുമുളകിനു പത്തു രൂപ വർധിച്ച് 650 രൂപയായി.

No comments