Breaking News

മരം നടാൻ മനസും സ്വന്തം സ്ഥലവുമുണ്ടോ? മരങ്ങൾ നട്ടുപരിപാലിക്കുന്നതിന് സർക്കാർ വർഷം തോറും പണം തരും മുന്നാടെ സാന്റൽ മിസ്റ്റ് റിസോർട്ട് വളപ്പിൽ ചന്ദനത്തോട്ടം ഒരുക്കി പദ്ധതിക്ക് തുടക്കമായി


കാസർകോട് : മരം നടാൻ മനസും സ്വന്തം സ്ഥലവുമുണ്ടോ? സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും മരങ്ങൾ നട്ടുപരിപാലിക്കുന്നതിന് സർക്കാർ വർഷം തോറും പണം തരും. തീർന്നില്ല, ട്രീബാങ്കിങ് പദ്ധതിയിലൂടെ വളർത്തുന്ന മരങ്ങൾ 15 വർഷം കഴിഞ്ഞാൽ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ചെടുക്കുകയുമാവാം. വനംവകുപ്പിന് കീഴിലുള്ള സാമൂഹ്യവനവൽക്കരണ വിഭാഗമാണ് ടീ ബാങ്കിങ് എന്ന നവീന ആശയം നടപ്പാക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഭൂമിയിൽ വൃക്ഷാവരണം വർധിപ്പിക്കുന്നതാണ് പദ്ധതി. തേക്ക്, വീട്ടി, ചന്ദനം, കുമ്പിൾ, കുന്നിവാക, കമ്പകം, തേമ്പാവ്, ആഞ്ഞിലി, മഹാഗണി, പ്ലാവ് എന്നീ മരങ്ങളാണ് സ്വകാര്യഭൂമിയിൽ സർക്കാർ നൽകുന്ന പ്രോത്സാഹന ധനസഹായത്തോടെ നട്ടുവളർത്താനാവുക. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലഘൂകരിക്കുക, മരത്തടിയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. കാസർകോട് ജില്ലയിൽ 11 അപേക്ഷകരിൽ നിന്ന് നാലുപേരെയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തത്. വനംവകുപ്പുമായി ധാരണാപത്രം ഒപ്പുവെച്ചാണ് പദ്ധതി. ഇതുപ്രകാരം മരം നട്ട് 15 വർഷത്തെ പരിപാലനം അപേക്ഷകൻ ഉറപ്പാക്കണം. മൂന്ന് വർഷം കഴിഞ്ഞാൽ വനം വകുപ്പിന്റെ വാർഷിക പരിശോധനയുണ്ടാവും. നഷ്ടപ്പെടുന്ന വൃക്ഷത്തൈകൾ പത്തുശതമാനത്തിൽ അധികരിക്കരുതന്ന നിബന്ധനയുണ്ട്. വാർഷിക പരിശോധന നടത്തി ഓരോ വർഷവും പ്രോത്സാഹന ധനസഹായം അക്കൗണ്ടിലേക്ക് അയക്കും. പത്തുമുതൽ നൂറുവരെ മരങ്ങൾക്ക് പ്രതിവർഷം മരമൊന്നിന് മുപ്പത് രൂപ വീതമാണ് ധനസഹായം. 250 വരെ മരം പരിപാലിക്കുന്നവർക്ക് 25 രൂപ പ്രകാരം ലഭിക്കും. 500 വരെ മരത്തിന് 20 രൂപയും 750 വരെ 15 രൂപയും ആയിരം വരെ

പത്തുരൂപതോതിലുമാണ് പണം ലഭിക്കുക. ആദ്യവർഷത്തിൽ ചന്ദനത്തൈകളാണ് പദ്ധതി പ്രകാരം നടുന്നത്. വരുംവർഷങ്ങളിൽ ഇതേ സ്ഥലത്ത് മറ്റുള്ള മരങ്ങളും നടും. മുന്നാടെ സാന്റൽ മിസ്റ്റ് റിസോർട്ട് വളപ്പിൽ ചന്ദനത്തോട്ടം ഒരുക്കി പദ്ധതിക്ക് തുടക്കമായി. 200 ചന്ദന മരങ്ങളാണ് ഇവിടെ പരിപാലിക്കുക. വനമഹോത്സവ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി ബിജു എന്നിവർ അതിഥികളായി. വനം വകുപ്പ് റേഞ്ച് ഓഫീസർ പി ദിൽജിത്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ വി സത്യൻ, സാസുൽ മിസ്റ്റ് ജനറൽ മാനേജർ എസ് സുജിത്ത് എന്നിവർ സംസാരിച്ചു.

No comments