അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവം; മാലപണയം വെക്കാൻ നൽകിയില്ല, കൊലപ്പെടുത്തിയെന്ന് മകൻ്റെ കുറ്റസമ്മത മൊഴി
തൃശൂർ: കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണ്ണമാലയ്ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകൻ സുമേഷ് കുറ്റസമ്മതമൊഴി നൽകി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടർന്ന് അച്ഛൻ്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാൻ മറ്റുള്ളവർ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാൻ മാല ആവശ്യപ്പെട്ടു. ഇത് നൽകാൻ അച്ഛൻ വിസമ്മതിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന വടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ് അച്ഛൻ വീണതോടെ ചാക്കിൽ കെട്ടി പുറത്തേക്ക് വലിച്ചു കൊണ്ടു പോയി തൊട്ടടുത്ത പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാല പണയം വെച്ച് മദ്യം വാങ്ങി കൂട്ടുകാർക്കൊപ്പം മദ്യപിച്ചു. രാത്രിയോടെ പുത്തൂരെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് സുമേഷ് വീടിന് പിൻഭാഗത്ത് ഒളിക്കാൻ ശ്രമിച്ചപ്പോൾ പിടിവീഴുകയായിരുന്നു. അറസ്റ്റിലായ സുമേഷിനെ വിശദമായി ചോദ്യം ചെയ്യും.
No comments