Breaking News

കാഞ്ഞങ്ങാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ സിദ്ധനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ്


കാസർകോട്: കാഞ്ഞങ്ങാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ സിദ്ധനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പെർള സ്വദേശിയും കണ്ണൂർ, കക്കാട്ടും തളിപ്പറമ്പിലും താമസക്കാരനുമായ ഷിഹാബുദ്ദി (55)നെ കസ്റ്റഡിയിൽ കിട്ടുന്നതിനാണ് ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. പീഡനക്കേസിൽ അറസ്റ്റിലായ പ്രതി റിമാന്റിലാണിപ്പോൾ. പീഡനത്തിനു ഇരയായ സ്ത്രീയുടെ രണ്ടുമക്കളെ തളിപ്പറമ്പിലെ വീട്ടിൽ എത്തിച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പീഡനത്തിനു ഇരയായ വീട്ടമ്മയുടെ മകളുടെ രോഗം മാറ്റാമെന്ന വ്യാജേനയാണ് ഷിഹാബുദ്ദീൻ കുടുംബവുമായി അടുപ്പത്തിൽ കൂടിയത്. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തി വ്യാജ ചികിത്സ നടത്തിയ പ്രതി വീട്ടമ്മയേയും ഭർത്താവിനെയും മൂന്നു മക്കളെയും തനിക്കു മന്ത്രവാദ സിദ്ധിയുണ്ടെന്നു പറഞ്ഞ് വശത്താക്കി തളിപ്പറമ്പിലേയ്ക്ക് താമസം മാറ്റിപ്പിച്ചു. പരാതിക്കാരിയുടെ രണ്ടു പെൺമക്കളുടെയും ഭർത്താക്കന്മാർ ഗൾഫിലായിരുന്നു. അവർ നാട്ടിൽ എത്തിയപ്പോഴാണ് കുടുംബത്തെ തളിപ്പറമ്പിലെ സിദ്ധന്റെ വീട്ടിലേയ്ക്ക് താമസം മാറ്റിപ്പിച്ച കാര്യം അറിഞ്ഞതെന്നു പറയുന്നു.

വീട്ടമ്മ നൽകിയ പരാതിയിൽ ഹൊസ്ദുർഗ്ഗ് പൊലീസ് നേരത്തെ കേസെടുത്ത് ഷിഹാബുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടയിൽ നെഞ്ചുവേദനയാണെന്നു പറഞ്ഞതോടെ പൊലീസ് കാവലിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് റിമാന്റു ചെയ്തു. ഇതു കാരണം വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നു കാണിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയത്. അതേസമയം ഷിഹാബുദ്ദീൻ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു തട്ടിപ്പ് നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നാണ് സൂചന.

No comments