നവകേരള സദസ്സിൽ നിർദേശം ഉയർന്ന വികസനപദ്ധതികൾക്ക് സംസ്ഥാന സർക്കാർ അന്തിമ അനുമതി ചെമ്മട്ടംവയൽ --- കാലിച്ചാനടുക്കം റോഡിൽ സ്കൂൾ സോൺ സുരക്ഷാപദ്ധതിക്ക് അമ്പത് ലക്ഷം
കാസർകോട് : നവകേരള സദസ്സിൽ നിർദേശം ഉയർന്ന എട്ട് വികസനപദ്ധതികൾക്ക് സംസ്ഥാന സർക്കാർ അന്തിമ അനുമതി നൽകി. 41.81 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതികൾ നടപ്പാക്കുക. 14 വികസന പദ്ധതികൾക്കായി 34.81 കോടി രൂപയുടെ കരട് പദ്ധതി നിർദേശം നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിൽ കലക്ടർ ഉൾപ്പെടുന്ന സമിതി നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചാണ് പുതുക്കിയ പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. സംവാദത്തിൽ പ്രധാന നിർദേശങ്ങളായി ഉയർന്നുവന്ന പദ്ധതികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. മഞ്ചേശ്വരത്ത് 6.31 കോടി, കാസർകോട് 7 കോടി മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ട് പദ്ധതികൾക്കായി 6.31 കോടിയാണ് ചെലവഴിക്കുക. മുട്ടം - ബേരിക്ക- പെരിങ്കടി കടപ്പുറം- മണിമുണ്ട കണ്ണങ്കുളം- മൂസാടി ഹാർബർ റോഡിന് 4.31 കോടിയും കടമ്പാർ- മച്ചമ്പാടി റോഡിന് രണ്ട് കോടിയുമാണ് അനുവദിച്ചത്. കാസർകോട് മണ്ഡലത്തിൽ ഏഴ് കോടി രൂപ ചെലവഴിച്ച് രണ്ട് പദ്ധതികൾ നടപ്പാക്കും. ചെങ്കള --- അക്കരങ്കര റോഡ് വികസനം, കടവത്ത്- -- കോട്ടക്കുന്ന് മസ്ജിദ് റോഡ് വികസനം, ശാസ്താംകോട്ട --കടപ്പ് പാലം നിർമാണം(3.80 കോടി), വിദ്യാനഗർ --- ചാല- അണങ്കൂർ ടി വി സ്റ്റേഷൻ പെരുമ്പളക്കടവ് റോഡ് വികസനം(3.20കോടി) എന്നിവയാണിത്. ഉദുമ മണ്ഡലത്തിൽ എരിഞ്ഞിപ്പുഴ - പയസ്വിനിപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാം പണിയാൻ ഏഴുകോടി രൂപയുടെ പദ്ധതി നടപ്പാക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചെമ്മട്ടംവയൽ --- കാലിച്ചാനടുക്കം റോഡിൽ സ്കൂൾ സോൺ സുരക്ഷാപദ്ധതിക്ക് അമ്പത് ലക്ഷവും കാഞ്ഞങ്ങാട് ഗവ. നഴ്സിങ് സ്കൂളിന് കെട്ടിട പണിയാൻ ആറുകോടിയും വകയിരുത്തി. തൃക്കരിപ്പൂർ മണ്ഡലത്തിലെ കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയമാക്കി നവീകരിക്കാൻ എട്ടുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് എൽഡിഎഫ് സർക്കാർ വികസനത്തിന് വേഗത വർധിപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
No comments