Breaking News

അച്ചാറിൽ ചതി; ഗൾഫിൽ കൊടുക്കാനെത്തിച്ച അച്ചാറിൽ മയക്കുമരുന്ന്, 3 പേർ പിടിയിൽ...സംഭവം കണ്ണൂരിൽ


കണ്ണൂർ: ഗൾഫിലേയ്ക്ക് കൊണ്ടുപോകാൻ അയൽവാസിയായ യുവാവ് കൊടുത്ത അച്ചാർ പാത്രത്തിൽ മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ ഇരിവേരി കണയന്നൂർ സ്വദേശി മിഥിലാജിന് കൊണ്ടുപോകാനായി എത്തിച്ച അച്ചാറിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്.

സംഭവത്തിൽ അച്ചാർ മിഥിലാജിന്റെ വീട്ടിലെത്തിച്ച അയൽവാസിയായ ജിസിൻ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മിഥിലാജിന്റെ ഭാര്യാപിതാവ് സംശയത്തിന്റെ അടിസ്ഥാനത്തിൽ അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ഇതിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ ചെറിയ കവറുകളിലായി എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാറിൽ ഒളിപ്പിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.

മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്ന ശ്രീലാൽ എന്നയാളാണ് ജിസിന് മയക്കുമരുന്ന് കൈമാറിയതെന്നാണ് വിവരം. ചക്കരക്കൽ പോലീസ് ഇവരടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിഥിലാജിനെ മനപ്പൂർവ്വം കുടുക്കാനുള്ള ശ്രമമാണോ നടത്തിയത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാര്യാപിതാവ് കാണിച്ച ജാഗ്രതായാണ് മിഥിലാജിനെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മിഖിലാജ് ഗൾഫിലേക്ക് പോകാനിരുന്നത്. അച്ചാർ കുപ്പിയുടെ സീൽ പൊട്ടിയതാണ് ഭാര്യപിതാവ് അമീറിന് സംശയമുണ്ടാക്കിയത്. അച്ചാർ കുപ്പിയിൽ ചെറിയ കുപ്പിയിലും കവറുകളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

No comments