Breaking News

കാനഡയില്‍ മെഡിക്കല്‍ കോഡര്‍ ജോലി, വിശ്വസിച്ച കൽപ്പറ്റക്കാരിയെ പറ്റിച്ച് തട്ടിയത് 18 ലക്ഷം; പ്രതിക്ക് 12 വര്‍ഷം തടവ്



കല്‍പ്പറ്റ: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വര്‍ഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചതിന് അഞ്ചു വര്‍ഷം, വ്യാജ രേഖകള്‍ അസ്സല്‍ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നല്‍കിയതിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നല്‍കാനും, തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.

കല്‍പ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയില്‍ മെഡിക്കല്‍ കോഡര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാനഡ, യു.കെ രാജ്യങ്ങളുടെ മൊബൈല്‍ നമ്പര്‍ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2023 ഡിസംബറില്‍ ബാംഗ്ലൂരില്‍ നിന്നും വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു.

നൂതന സൈബര്‍ സാങ്കേതിക തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് വിദേശ പൗരന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം.എ. നൗഷാദ്, അസിസ്റ്റന്റ് പ്രോസീക്യൂട്ടര്‍മാരായ കെ.ആര്‍. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരും കേസ് അന്വേഷണത്തില്‍ സഹായിക്കുന്നതിനായി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. കെ.എഅബ്ദുല്‍ സലാം എന്നിവരുമുണ്ടായിരുന്നു.

No comments