
കരിന്തളം : ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ജില്ലയുടെ സവിശേഷവും പ്രധാനപ്പെട്ടതുമായ ചെങ്കൽ കുന്നുകളെ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് ജൈവ പരിപാല സമിതി നേതൃത്വത്തിൽ പദ്ധതി വരുന്നു. ലാറ്ററൈറ്റ് റിസർവ് ആയ ചെങ്കൽ കുന്നിനെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളാണ് തുടങ്ങിയത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോയിത്തട്ട ചെങ്കൽക്കുന്നിനെ ആദ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പ്രദേശവാസികളുടെ യോഗവും ചേരും. സംസ്ഥാന വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് ഭാരവാഹികളും ജൈവവൈവിധ്യ ഏകോപന സമിതിയംഗങ്ങളും ശനിയാഴ്ച കോയിത്തട്ട ചെങ്കൽപ്പാറ സന്ദർശിക്കും. ചെങ്കല്ലിനെ ലാറ്ററൈറ്റ് പേരിട്ട് ലോകത്തിന് പരിചയപ്പെടുത്ത ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ 'മദ്രാസിൽനിന്ന് മൈസൂർ, കാനറ മലബാർ യാത്ര (A Journey from Madras through the Countries of Mysore, Canara and Malabar-1807) എന്ന ഗ്രന്ഥത്തിലും കരിന്തളം കോയിത്തട്ടയടക്കമുള്ള പ്രദേശങ്ങളിലെ ചെങ്കൽക്കുന്നുകളുടെ വൈവിധ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അപൂർവ ജലസസ്യമായ കൃഷ്ണ കേസര (Nymphoides krishnakesara) മുൾപ്പെടെയുള്ള ഈ ചെങ്കൽപ്പാറയിലുണ്ട്. ചെങ്കൽപ്പാറകളിൽ മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണിലേക്ക് ആഴത്തിൽ വേരിറക്കിവളരുന്നു. വംശനാശഭീഷണി നേരിടുന്നതുംസ്ഥാനികങ്ങളുമായ നായുരിപ്പ് (Hopea ponga), കാനക്കരീരം (Capparis rheedei), ലോഹിതപ്പൂ (Neanotis rheedei), പട്ടിലവള്ളി (Neuropeltis malabarica), കണ്ണാരംവള്ളി (Aspidopterys canarensis), മലന്തുടലി (Pterospermum rubiginosum), ബാലനെയ്തൽ (Nymphoides balakrishnanii), പാലിനെയ്തൽ (Nymphoides palyii), മുള്ളൻ കൃഷ്ണ നെയ്തൽ (Nymphoides krishnakesara var. bispinosa ) എന്നിവയും
ചെങ്കൽക്കുന്നുകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരപിടിയൻ സസ്യങ്ങളായ കാക്കപ്പൂക്കളുടെ (Utricularia spp.) സ്പീഷീസുകളും അഴുകണ്ണി (Drosera sp) യുടെ സ്പീഷീസുകളും കുന്നിലുണ്ട്. മഴക്കാലത്ത് പാറപ്പരപ്പിൽ താൽക്കാലികമായി രൂപംകൊള്ളുന്ന ചതുപ്പുകളിലും ചെറുനീർക്കുഴികളിലും ജലാശയങ്ങളിലും വൈവിധ്യമുള്ള ജീവികളുടെയും സസ്യങ്ങളുടെയും വർണ പ്രപഞ്ചവും
രൂപപ്പെടുന്നു.
No comments