ഗ്രാമീണ ടൂറിസം : അനന്ത സാധ്യതയുമായി കിനാനൂർ– കരിന്തളം
ബിരിക്കുളം : ഗ്രാമീണ ടൂറിസം പദ്ധതിക്ക് കിനാനൂർ കരിന്തളത്ത് സാധ്യതയേറുന്നു. കാരിമൂല കോട്ടക്കുന്ന്, കടലാടിപ്പാറ പ്രദേശങ്ങൾ ഇത്തരത്തിൽ വലിയ സാധ്യതയുള്ളവയാണ്. ഗ്രാമീണ ജീവിതം, കല, സംസ്കാരം, പൈതൃകം എന്നിവ പകർന്നുനൽകാനും അതുവഴി നാടിന് സാമ്പത്തികമായും സാമൂഹികമായും പ്രയോജനമുണ്ടാക്കാനും ഇത്തരം ടൂറിസം പദ്ധതിക്ക് സാധിക്കും. ചായ്യോത്ത് കാരിമൂലയിലെ കോട്ടക്കുന്ന് എന്നറിയപ്പെടുന്ന കുന്നിൻപ്രദേശം ഗ്രാമീണ വിനോദ സഞ്ചാര മേഖലക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. ഇവിടെ നിന്നുള്ള തേജസ്വിനി പുഴയുടെ ദൃശ്യം മനോഹരം. പുഴയും അരയാക്കടവ് പാലവും അസ്തമന കാഴ്ചയും ചേർന്നുള്ള വിദൂര ദൃശ്യവും ഏറെ ആകർഷകം. നീലായി വളവ് മുതൽ കീഴ്മാല പാലാട്ട് കട് വരെ പുഴയിൽ കയാക്കിങ് സംവിധാനവും ഏർപ്പെടുത്താം. പുഴയിൽ മൂന്നോളം ചെറു തുരുത്തുകളുമുണ്ട്. ഇവിടെ വിശ്രമകേന്ദ്രങ്ങളും ഒരുക്കാം. കോട്ടക്കുന്നിൽനിന്ന് തേജസ്വിനി പുഴയിലൂടെ കയ്യൂരിലേക്ക് റോപ്പ് വേ ഏർപ്പെടുത്തിയാൽ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാം. കോട്ടക്കുന്നിൽ ഇരിപ്പിടങ്ങളും പുഴയുടെ ഭാഗത്തേക്ക് പടവുകളും ഗ്യാലറിയും നിർമിച്ചാൽ സഞ്ചാരികൾക്ക് സായാഹ്നം ആസ്വദിക്കാം. ഇക്കോ ടൂറിസത്തിന് ഏറെ സാധ്യതകളുള്ള പ്രദേശമാണ് കൂടോൽ കടലാടിപ്പാറ. അസ്തമന കാഴ്ച നുകരാൻ സായാഹ്നങ്ങളിൽ നിരവധിപേരാണ് എത്തുന്നത്.അപൂർവയിനം പൂമ്പാറ്റകളുടെയും ഓർക്കിഡുകളുടേയും ഡ്രാസേറ ഇൻഡിക്ക വിഭാഗത്തിൽ പെടുന്ന ഇരപിടിയൻ സസ്യമുൾപ്പെടെയുള്ള സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രമാണ് കടലാടിപ്പാറ. ഇവിടെ നിന്നുനോക്കിയാൽ കടൽ കാണാൻ കഴിയുന്നതുകൊണ്ടാണ് കടലാടിപ്പാറ എന്ന പേര് ലഭിച്ചത്. പട്ടാണിപാറ എന്നും ഇതിനുപേരുണ്ട്. വിശാല താഴ്വരകളും ദൃശ്യഭംഗി നൽകുന്നു. ഇവിടെ കുട്ടികളുടെ പാർക്ക് നിർമിക്കണമെന്ന ആവശ്യവും ശക്തം. കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം,
കോൺഫറൻസ് ഹാൾ, ആംഫി തിയറ്റർ, നീന്തൽക്കുളം തുടങ്ങിയവ നിർമിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്താം.
No comments