മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കാറിൽ തട്ടികൊണ്ടുപോയ കോഴിക്കോട് കിണാശേരി സ്വദേശി മുഹമ്മദ് ശാലുവിനെ ആറ് മണിക്കൂറിനുള്ളിൽ കൊണ്ടോട്ടി പോലീസ് രക്ഷിച്ചു. തട്ടിക്കൊണ്ടുപോയ പ്രതികളിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു
ജൂലൈ 14 രാവിലെ 8 മണിയോടെയാണ് കൊണ്ടോട്ടി പുളിക്കലിൽ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളെ കാറിൽ തട്ടികൊണ്ടുപോയതായി കൊണ്ടോട്ടി പൊലീസിന് പരാതി ലഭിച്ചത്. സംഭവസ്ഥലത്തെത്തി സ്കൂട്ടറിൻ്റെ നമ്പർ പരിശോധിച്ച് യാത്രചെയ്തിരുന്നയാളെ തിരിച്ചറിഞ്ഞു. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാർ ആണെന്ന് മനസ്സിലായി എന്നാൽ നമ്പർ വ്യക്തമായില്ല. തുടർന്ന് നൂറോളം കാറുകളുടെ വിവരങ്ങൾ പരിശോധിച്ച് 11 മണിയോടെ വാഹനയുടമയെ കണ്ടെത്തി. എന്നാൽ വാഹനം മൻസൂർ എന്നയാൾക്ക് വാടകയ്ക്ക് നൽകിയതാണെന്ന് ഉടമ പറഞ്ഞു. വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് പരിശോധിച്ചത് കേസ് അന്വേഷണത്തിന് നിർണായകമായി. വാഹനം മഞ്ചേരി തൃപ്പനച്ചിയെന്ന സ്ഥലത്ത് കുറച്ച് സമയം നിർത്തിയിട്ടതായി കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് തൃപ്പനച്ചിയിൽ പരിശോധന നടത്തി സംശയം തോന്നിയ ആളൊഴിഞ്ഞ ഇരുനില വീട് പോലീസ് വളഞ്ഞു. പോലീസിനെ കണ്ട് ഒരാൾ ഇറങ്ങിയോടി. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ യുവാവ് കണ്ണുമൂടിക്കെട്ടി, കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു . അതിക്രൂരമായ മർദ്ദനം നേരിട്ട ഇദ്ദേഹത്തെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
വള്ളുവമ്പ്രം സ്വദേശി മൻസൂർ ആണ് തട്ടിക്കൊണ്ടുപോകലിൻ്റെ മുഖ്യപ്രതിയും സൂത്രധാരനും. മുൻവൈരാഗ്യമാണ് കാരണം എന്ന് പറയുന്നു. ഇയാളുടെ നിർദ്ദേശപ്രകാരമാണ് മറ്റ് പ്രതികളായ നബീൽ, ഷറഫുദ്ദീൻ മൊയിൽ, ഇർഫാൻ ഹബീബ് എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളും ഈ കുറ്റകൃത്യത്തിൽ പങ്കുചേർന്നത്. നിലവിൽ നബീൽ, ഷറഫുദ്ദീൻ മൊയിൽ, ഇർഫാൻ ഹബീബ് എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി പി കെ സന്തോഷത്തിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ പി എം ഷമീർ എസ്.ഐ ബി ജിഷിൻ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എം അമർനാഥ്, ഋഷികേഷ് സ്പെഷ്യൽ ബ്രാഞ്ച് അംഗങ്ങളായ പത്മരാജ്, സുബ്രഹ്മണ്യൻ, ഒ. രതീഷ് എന്നിവർ ചേർന്ന അന്വേഷനസംഘമാണ് ഷാലുവിനെ രക്ഷിച്ച് പ്രതികളെ പിടികൂടിയത്
No comments