മികച്ച എൻഎസ്എസ് യൂണിറ്റുകൾക്ക് പീപ്പിൾസ് പുരസ്കാരം നൽകി... വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി
കണ്ണൂർ : മികച്ച എൻഎസ്എസ് യൂണിറ്റുകൾക്ക് പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് നൽകുന്ന പീപ്പിൾസ് പുരസ്കാരം വിതരണം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു. ജേതാക്കൾക്ക് ഫലകവും ക്യാഷ് അവാർഡും വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അശോകൻ ചരുവിലിനെ ആദരിച്ചു. പീപ്പിൾസ് മിഷൻ ചെയർമാൻ വി ശിവദാസൻ എംപി അധ്യക്ഷനായി. കണ്ണൂർ ജില്ലയിലെ പാല ഗവ. ഹയർസെക്കൻഡറി സ്കൂൾ, കാസർകോട് ജില്ലയിലെ വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എന്നിവ മികച്ച എൻഎസ്എസ് യൂണിറ്റുകൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ രണ്ട് ട്രൈബൽ വായനശാലകൾ സ്ഥാപിച്ച് ആയിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് നൽകി. എസ്എസ്കെ ജില്ലാ കോ-- ഓഡിനേറ്റർ ഇ സി വിനോദ് എൻഎസ്എസ് ക്യാമ്പുകളിൽനിന്ന് ലഭിച്ച പുസ്തകങ്ങൾ പീപ്പിൾസ് മിഷന് കൈമാറി. 'വിദ്യാർഥികളും വായനശാലകളും എൻഎസ്എസ് ഇടപെടലുകളും' വിഷയത്തിൽ സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ്ബാബു, കണ്ണൂർ ആർആർഡി ബിയാട്രീസ് മരിയ, എൻഎസ്എസ് കാസർകോട് ജില്ലാ കൺവീനർ കെ എൻ മനോജ്കുമാർ തടങ്ങിയവർ സംസാരിച്ചു.
No comments