അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല. പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ഒഴുക്കിൽപ്പെട്ടതായി സംശയം തിരച്ചിൽ ഇന്നും തുടരുന്നു
കാസർകോട്: അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല. പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ഒഴുക്കിൽപ്പെട്ടതായി സംശയം. ഇരുചക്രവാഹനവും ഒഴുകിപ്പോയി. അഗ്നിരക്ഷാസേനയുടെയും സ്കൂബാ സംഘത്തിന്റെയും നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കർണാടക ബൽഗാം സ്വദേശി ദുർഗപ്പ (അനിൽ-18) യെയാണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്. പാണത്തൂരിലെ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തിൽ കൈതച്ചക്ക കൃഷിക്കായി നിലമൊരുക്കാൻ എത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുടെ സഹായിയായിരുന്നു. ഉച്ചഭക്ഷണം എടുക്കാനായി താമസസ്ഥലമായ കരിക്കെ തോട്ടത്തിലേക്ക് പോയതായിരുന്നു ദുർഗപ്പ. എന്നാൽ വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ ഇയാളുടെ ബന്ധുവും ഡ്രൈവറുമായ കുടക് സ്വദേശി യുവനന്ദ രാജപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് പുഴയിൽ വലിയതോതിൽ വെള്ളവും ഒഴുക്കുമുള്ളതിനാൽ തിരച്ചിലും ദുഷ്കരമായി. കുറ്റിക്കോലിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കാസർകോട് എന്നിവിടങ്ങളിൽനിന്നെത്തിയ സ്കൂബാ സംഘവുമാണ് വെള്ളിയാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ചയും തിരച്ചിൽ നടത്തുന്നുണ്ട്.
No comments