11കാരനെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ അറസ്റ്റിൽ
കാസർകോട് :11കാരനെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ അറസ്റ്റിൽ. പെരുമ്പള, കുതിരിൽ, ഹൗസിലെ പി. അബ്ദുൽ ഹാരിസി(41)നെയാണ് മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡി, എ.എസ്.പി നന്ദഗോപൻ എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ മാസം 29ന് ആണ് കേസിനാസ്പദമായ സംഭവം. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 11കാരനാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അബ്ദുൽ ഹാരിസിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതി നാടുവിടുകയായിരുന്നു. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അബ്ദുൽ ഹാരിസ് വിദേശത്തേക്ക് കടക്കാനായി ഉത്തർപ്രദേശ് സനാലി വിമാനത്താവളത്തിൽ എത്തി. പ്രതിയെ തിരിച്ചറിഞ്ഞ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് വിവരം കേരള പൊലീസിനെ അറിയിച്ചു. കൂടുതൽ ദിവസം കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്നും എത്രയും വേഗത്തിൽഏറ്റുവാങ്ങണമെന്നും അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ ഇടപെട്ട് ഫ്ളൈറ്റ് ടിക്കറ്റ് ഏർപ്പാടാക്കി. കാസർകോട് എ.എസ്.പി നന്ദഗോപന്റെ സഹപാഠിയായ അയോധ്യ എ.എസ്.പിയും സഹായവുമായി രംഗത്തെത്തി. പൊലീസ് മേധാവിയുടെ പ്രത്യേക അനുമതിയോടെ ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉത്തർ പ്രദേശിൽ പറന്നിറങ്ങി. പ്രതിയുടെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം വിമാനത്തിൽ മംഗ്ളൂരുവിലേക്ക് തിരിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
No comments