Breaking News

ശ്രീ മൂകാംബിക ട്രാവൽസിന്റെ നൂറാമത് കാരുണ്യ യാത്ര ഇന്ന്... നൂറാം കാരുണ്യ യാത്രയോടുകൂടി കാരുണ്യ യാത്രാ സഹായം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബസ്സുടമ


പാണത്തൂർ - ശ്രീ മൂകാംബിക ട്രാവൽസിന്റെ നൂറാമത് കാരുണ്യ യാത്ര ഇന്ന് നടത്തും. ശ്രീ മൂകാംബിക ട്രാവൽസിന്റെ മൂന്നു ബസ്സുകൾ ആണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ന് സർവീസ് നടത്തുന്നത്. കഴിഞ്ഞ 99 മാസങ്ങളായി പാവപ്പെട്ട രോഗികളെയും, സ്ഥാപനങ്ങളെയും  സഹായിക്കുന്നതിന് വേണ്ടി എല്ലാ മാസവും ഒന്നാം തീയതി  നടത്തിവന്നിരുന്ന ശ്രീ മൂകാംബിക ട്രാവൽസിന്റെ കാരുണ്യ യാത്ര നൂറാമത്തെ യാത്രയോട് കൂടി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബസ്സുടമ കാട്ടൂർ വിദ്യാധരൻ നായർ പറഞ്ഞു. 

     2016 മാർച്ചിലാണ്  കാട്ടൂർ വിദ്യാധരൻ നായരുടെ ഉടമസ്ഥതയിലുള്ള രണ്ടു ബസ്സുകൾ ഒടയഞ്ചാലിലെ അനയ്മോന്റെ ചികിത്സക്കായി കാരുണ്യ യാത്ര ആരംഭിച്ചത്. തുടക്കത്തിൽ രണ്ട് ബസ്സുകളാണ് കാരുണ്യ യാത്ര നടത്തിയിരുന്നതെങ്കിൽ പിന്നീട് അത് അഞ്ച് ബസ്സുകളാകുകയും പിന്നീട് കൊറോണ കാലഘട്ടങ്ങളിൽ മൂന്നായി ചുരുങ്ങുകയും ചെയ്തു. 99 മാസങ്ങൾക്കുള്ളിൽ 400 ഓളം നിരാലംബരായ രോഗികൾക്കും, വിവിധ സന്നദ്ധ സംഘടനകളുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുംസഹായമാകുവാൻ മൂകാംബിക കാരുണ്യ യാത്രയ്ക്ക് കഴിഞ്ഞു. കൂടാതെ ജപ്തി ഭീഷണി നേരിട്ട ഒരു കുടുംബത്തിന് ബാങ്കിൽ പണം അടച്ച് അവരുടെ ഭൂമി വീണ്ടെടുത്തു നൽകുവാനും, പണമില്ലാതെ പഠനം മുടങ്ങിയ കുട്ടികൾക്ക് അവരുടെ തുടർ പഠനത്തിന് വഴിയൊരുക്കുന്നതിനും മുകാംബിക കാരുണ്യ യാത്ര വഴി സാധിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിലും, വയനാട് ഉരുൾപൊട്ടലിൽ ദുരന്തഅനുഭവിക്കുന്നവരുടെ ദുരിതാശ്വാസനിധിയിലേക്കും തുക നൽകാൻ ശ്രീ മൂകാംബിക കാരുണ്യ യാത്രക്ക് സാധിച്ചിട്ടുണ്ട്. കൊറോണ ബാധിത മാസങ്ങളിൽ ബസ്സുകൾക്ക് സർവീസ്  നടത്താൻ സാധിച്ചിട്ടില്ലെങ്കിലും പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വീട്ടിലെത്തി നൽകുവാനും സാധിച്ചിട്ടുണ്ട്. എല്ലാ മാസവും ഒന്നാം തീയതി നടത്തുന്ന കാരുണ്യ യാത്രയിൽ സ്ഥിരമായി യാത്ര ചെയ്ത് കാരുണ്യ നിധിയിലേക്ക് പണം നൽകുന്ന നിരവധി ആളുകൾ ഉണ്ട്. പോലീസ് ഉദ്യോഗസ്ഥർ, മറ്റു സർക്കാർ ജീവനക്കാർ, ശ്രീ മൂകാംബിക കാരുണ്യ യാത്ര കൂട്ടായ്മ അംഗങ്ങൾ, പ്രവാസികൾ തുടങ്ങിയവർ എല്ലാ മാസവും കാരുണ്യ യാത്രയിൽ സ്ഥിരമായി കാരുണ്യ നിധി നൽകിവരുന്നു. നിരവധി മനുഷ്യസ്നേഹികൾ നെഞ്ചിലേറ്റിയ ശ്രീ മൂകാംബിക കാരുണ്യ യാത്രയ്ക്ക ഗോവ    ഗവർണറായിരുന്ന പി.എസ് ശ്രീധരൻ പിള്ള, കേരള റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന  ഇ ചന്ദ്രശേഖരൻ എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

        സെപ്റ്റംബർ ഒന്നാം തീയതി നടക്കുന്ന നൂറാമത് കാരുണ്യ യാത്രയിൽ നിന്ന് ലഭിക്കുന്ന തുക  ജില്ലയിലെ നാല് സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അവിടുത്തെ അന്തേവാസികൾക്ക് തിരുവോണ സദ്യ ഒരുക്കുന്നതിനുമായാണ് ചിലവഴിക്കുന്നത്.

                   നൂറാമത് കാരുണ്യ യാത്രയോടു കൂടി  മൂകാംബിക ട്രാവൽസിന്റെ കാരുണ്യ യാത്ര അവസാനിപ്പിക്കതായി ബസുടമ കാട്ടൂർ വിദ്യാധരൻ നായർ അറിയിച്ചു. ബസ് വ്യവസായത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാതീതമായ  ചിലവാണ് കാരുണ്യ യാത്ര നിർത്തുവാൻ കാരണമായി ബസ്സുടമ പറയുന്നത്. 

No comments