നാടാകെ പ്രതിഷേധം; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ, പരിപാടികൾ റദ്ദാക്കി, വീടിന് മുന്നിൽ പൊലീസ് സുരക്ഷ
പത്തനംതിട്ട: യുവതികൾ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തുടരുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ പുതിയ സാഹചര്യത്തിൽ റദ്ദാക്കി. പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലാണ് നിലവിൽ രാഹുലുള്ളത്. മണ്ഡലത്തിലെ പരിപാടികളിലോ മറ്റു പരിപാടികളിലോ രാഹുൽ പങ്കെടുക്കുന്നില്ല. ഇന്നലെയാണ് പാലക്കാട് നിന്നും കുടുംബവുമായി രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലുള്ള വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തിയതെങ്കിലും ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതോടെ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാൻ മാത്രമാണ് എത്തിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി രാഹുൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്
No comments