Breaking News

വിടവാങ്ങിയത് ജില്ലയിലെ 
ജനകീയ മുഖം എളേരിയിൽ ഇന്ന് പൊതുദർശനം


വെള്ളരിക്കുണ്ട് : ജനകീയ ഇടപെടലുകളിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയുണ്ടാക്കി വികസന പ്രവർത്തനം നടത്താൻ നേതൃത്വം നൽകിയ നേതാവായിരുന്നു മുൻ എംഎൽഎ എം നാരായണൻ. തുടർച്ചയായി മൂന്നുതവണ എൽഡിഎഫ് വിജയിച്ച ഹൊസ്ദുർഗ് മണ്ഡലത്തിൽ 1987 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ മനോഹരൻ മാസ്റ്ററായിരുന്നു വിജയി. 1991 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് നിയോഗിച്ചത് സിപിഐയിലെ എം നാരായണനെയായിരുന്നു. ഒരു സാധാരണ പ്രവർത്തകനായിരുന്ന നാരായണൻ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എളേരി സ്വദേശിയായ നാരായണൻ കോട്ടമല പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്നു. ജോലി രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി. രണ്ടാം തവണയും മത്സരിച്ച് വിജയിച്ച് നാരായണൻ മണ്ഡലത്തിൽ എൽഡിഎഫിന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചു. ജില്ലയിൽ ജനകീയ എംഎൽഎ എന്ന് പേരെടുത്ത നാരായണൻ മണ്ഡലത്തിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ചു. നിരവധി വികസന പദ്ധതികളാണ് നാരായണന്റെ കാലത്ത് മണ്ഡലത്തിൽ നടപ്പാക്കിയത്. രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച നാരായണൻ പടിയിറങ്ങുമ്പോൾ പകരം എംഎൽഎയായി എത്തിയത് അനുജൻ എം കുമാരനായിരുന്നു. ചൊവ്വ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിൽ നിന്ന് എത്തിച്ച മൃതദേഹം ബുധൻ രാവിലെ ഒമ്പതു മുതൽ 12 വരെ മടിക്കെ ബങ്കളത്തും പകൽ 12.30 മുതൽ 3.30 വരെ കാഞ്ഞങ്ങാട് ടൗൺഹാളിലും പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് ജന്മനാടായ എളേരിയിലേക്ക്

കൊണ്ടുപോകും. എളേരിയിൽ പൊതുദർശനത്തിന് ശേഷം അഞ്ചിന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. അനുശോചിച്ചുഎം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ അനുശോചിച്ചു. ജനകീയ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ അഭിവൃദ്ധിക്കായി കൂട്ടായ പരിശ്രമം നടത്തിയ നേതാവാണ് നാരായണനെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ അനുശോചന കുറിപ്പിൽ പറഞ്ഞു.

No comments