Breaking News

ദാമോദരസ്വാമിയുടെ ഹോട്ടലിൽ ഊണിന് 30 രൂപയും ചായയ്ക്ക് ഏഴു രൂപയും മാത്രം; സ്വാമിയെയും ഭാര്യയെയും ഉത്രാടനാളിൽ നാട് ആദരിക്കുന്നു


കാസർകോട് : മേൽപ്പറമ്പ്, ദേളിയിലെ ശ്രീദുർഗ്ഗാ ഹോട്ടൽ ഉടമ ദാമോദരസ്വാമി (82)യെയും ഭാര്യ ദേവമ്മ(76)യെയും ഉതാടനാളിൽ നാട് ആദരിക്കുന്നു. മൈത്രി വായനശാല, പീപ്പിൾസ് മാങ്ങാട്, ഹെൽത്ത് ലൈൻ കാസർകോട്, ടീം ഭാരത് ദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആദരവ്. വ്യാഴാഴ്ച രാവിലെ 9ന് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഇരുവരെയും ആദരിക്കും. അനാദിക്കടയോടെയായിരുന്നു ഇദ്ദേഹം വ്യാപാരത്തിനു തുടക്കമിട്ടത്. 30 വർഷം മുമ്പാണ് തുച്ഛമായ വിലയ്ക്ക്, മികച്ച ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ ദാമോദരസ്വാമി കാരുണ്യ പ്രവർത്തനമെന്ന നിലയിൽ കടയോട് ചേർന്ന് ശ്രീദുർഗാ ഹോട്ടൽ ആരംഭിച്ചത്. പാചകവും ഭക്ഷണം വിളമ്പലും എല്ലാം ഭാര്യയും ഭർത്താവും ചേർന്ന്. സ്വന്തം പറമ്പിൽ വിളയുന്ന പച്ചക്കറികളും തേങ്ങയും ആണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. സാമ്പാർ, രസം, വറവ്, അച്ചാർ എന്നിവയ്ക്കൊപ്പം ഒരു ഗ്ലാസ് പായസവും അടങ്ങുന്നതാണ് ഉച്ചഭക്ഷണം. ദിവസവും ഓരോതരം പായസമാണ് വിളമ്പുക. ചായയ്ക്ക് മറ്റു ഹോട്ടലുകളിൽ 12 രൂപ മുതൽ മുകളിലോട്ടാണെങ്കിൽ ശ്രീദുർഗ്ഗാ ഹോട്ടലിൽ എഴു രൂപ മാത്രമാണ്. ഇഡലിക്കു എഴു രൂപയും, പഴംപൊരിക്ക് 10 രൂപയും. രാവിലെ ആറു മണി മുതൽ വൈകുന്നേരം ഏഴുമണി വരെയാണ് ഹോട്ടലിന്റെ പ്രവർത്തന സമയം. 47 തവണ ശബരിമല ദർശനം നടത്തിയിട്ടുള്ള ദാമോദരസ്വാമിക്ക് ഒരു ആഗ്രഹമേയുള്ളു; ജീവിതാവസാനം വരെ ഹോട്ടൽ മുടക്കമില്ലാതെ നടത്തണമെന്ന്.

No comments