വിടപറഞ്ഞത് നീലേശ്വരത്തിന്റെ സ്വന്തം നാരായണേട്ടൻ... സാമൂഹിക -രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാനിധ്യം
നീലേശ്വരം • കരിന്തളത്തെ പെരട്ടൂർ പൊന്നപ്പന്റെയും കരിമ്പിൽ കല്യാണി അമ്മയുടെയും മകനായി കരിമ്പിൽ കുടുംബത്തിലായിരുന്നു കെ.കെ.നാരായണന്റെ ജനനം. എറണാകുളം ഗവ. ലോ കോളജിൽനിന്ന് എൽഎൽബി നേടിയശേഷം കാഞ്ഞങ്ങാട്ടെ എ.വി.കൃഷ്ണ റാവുവിന്റെ കീഴിൽ അഭിഭാഷകനായി തുടക്കം. പിന്നീട് നീലേശ്വർ ഗ്യാസ് ഏജൻസി എന്ന പേരിൽ കെ.കെ.നാരായണൻ പുതിയ സംരംഭം
ആരംഭിച്ചതോടെ നീലേശ്വരത്തും പരിസരപ്രദേശങ്ങളിലും ഗ്യാസ് അടുപ്പുകൾ വൻ പ്രചാരം നേടി.
ജില്ലയിലെതന്നെ ആദ്യത്തെ ഗ്യാസ് ഏജൻസികളിൽ ഒന്നായിരുന്നു ഇത്. സൗമ്യമായ പെരുമാറ്റം കൊണ്ടും സഹായ മനസ്കത കൊണ്ടും ഏവരുടെയും പ്രിയങ്കരനായിരുന്നു. സാമൂഹികരംഗത്തും സജീവസാന്നിധ്യം.നീലേശ്വരം ചിറപ്പുറത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർമിച്ച് ഈയിടെ ഉദ്ഘാടനം ചെയ്ത നഗരസഭാ വാതക ശ്മശാനത്തിനുവേണ്ടി ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് 16 ലക്ഷം രൂപ ലഭ്യമാക്കിയത് കെ.കെ.നാരായണന്റെ ഇടപെടലിലൂടെയായിരുന്നു.
10 വർഷം കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗമായിരുന്നു.ദീർഘകാലം കെപിസിസി അംഗമായിരുന്ന കെ.കെ.നാരായണൻ കഴിഞ്ഞ വർഷം ബിജെപിയിലേക്ക് ചേക്കേറി. നിലവിൽ എൻഡിഎ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാനാണ്. ജില്ലയിലെ പല പ്രധാന ക്ഷേത്രങ്ങളിലെയും പുനഃപ്രതിഷ്ഠ, കളിയാട്ടം, പെരുങ്കളിയാട്ടം എന്നിവയ്ക്ക് ചുക്കാൻപിടിച്ച ഇദ്ദേഹം മാർച്ചിൽ നടന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ രക്ഷാധികാരിയായിരുന്നു.
പടന്നക്കാട് നെഹ്റു കോളജ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, എൻകെബിഎം ആശുപത്രി ചെയർമാൻ, പടന്നക്കാട് ബേക്കൽ റിക്രിയേഷൻ ക്ലബ് ചെയർമാൻ, നീലേശ്വരം ബ്ലോക്ക് ഇംപ്രൂവ്മെന്റ് സൊസൈറ്റി ചെയർമാൻ, കുമ്പളപ്പള്ളി
എസ്കെജിഎം എയുപി സ്കൂൾ മാനേജർ, ലയൺസ് റോട്ടറി ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്നലെ ഉച്ചയോടെ നീലേശ്വരം രാജാ റോഡിലെ നീലേശ്വർ ഗ്യാസ് ഏജൻസിക്കു മുൻപിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാ
തുറകളിലുള്ളവർ ഒഴുകിയെത്തി.ബിജെപി മേഖലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
No comments