Breaking News

നർക്കിലക്കാട് - മൗവ്വേനി - അരയംകുളം റോഡ് ടാറിങ് തകർന്ന് കാൽനടയാത്ര പോലും ദുരിതത്തിൽ ...


നർക്കിലക്കാട് : വെസ്റ്റ് എളേരി ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നർക്കിലക്കാട് - മൗവ്വേനി - അരയംകുളം റോഡ് ടാറിങ് തകർന്ന് കാൽനടയാത്ര പോലും ദുരിതത്തിലായി. റോഡിന് ഓവുചാൽ ഇല്ലാത്തതിനാൽ സ്വകാര്യവ്യക്തികളുടെ പറമ്പിൽ നിന്നൊഴുകിവരുന്ന കല്ലും മണ്ണും റോഡിലേക്കെത്തുന്നതാണു റോഡ് തകരാൻ ഇടയായത്. കൊടുംവളവും വീതിക്കുറവും മൂലം ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിൽ പോലും മുട്ടോളം ഉയരത്തിൽ മണ്ണ് കെട്ടിക്കിടക്കുകയാണ്.

റോഡ് തകർന്നതോടെ വാഹനാപകടവും പതിവായി. സ്കൂൾ ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഏച്ചി പൊയിൽ, അറയ്ക്കതട്ട്, മൗവ്വേനി, അരയംകുളം, വരിക്കമാവ്, മറുപാട്ടം, കള്ളാർ മുണ്ട് പ്രദേശങ്ങളിലെ 250 ഓളം കുടുംബങ്ങൾക്ക് ആശുപത്രി, പഞ്ചായത്ത്, താലൂക്ക് വില്ലേജ്, സ്കൂൾ, കോളജ്, പള്ളി, അമ്പലം എന്നിവിടങ്ങളിലെത്താൻ ഈ റോഡ് മാത്രമാണ് ഏക ആശ്രയം. അടിയന്തരമായും ഓവുചാൽ നിർമിച്ച് റോഡിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്ന വെള്ളം തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

No comments