Breaking News

പനത്തടി പാറക്കടവിൽ പിതാവിൻ്റെ ക്രൂരത ; 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു

രാജപുരം : പനത്തടി പാറക്കടവിൽ മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു. കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബർഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. പത്ത് വയസുകാരിയുടെ മുഖത്തടക്കം പൊള്ളലുണ്ട്. അതിക്രമത്തിന് ശേഷം മനോജ് ഒളിവിൽ പോയി. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടർന്നുണ്ടായ വിരോധമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭ്യമാകുന്ന വിവരം.


No comments