Breaking News

കൊമ്പന്മാരെ വലയിലാക്കാൻ വമ്പൻ ചൂണ്ടകൾ

കാസർകോട് മിനിയാന്ന് പുലിമുട്ടിൽനിന്ന് കിട്ടിയത് 12 കിലോ അമൂറാണ്. ഇന്നലെ ആറരക്കിലോന്റെ ചെമ്പല്ലിയും കുടുങ്ങി' മാവിലാകടപ്പുറത്ത് പുലിമുട്ടിനരികിൽനിന്ന് ചൂണ്ടയിടുന്ന ചെറുപുഴയിലെ അബാദിന്റെ വാക്കുകളിലുണ്ട് ആവേശപ്പിടിത്തം. കറിവയ്ക്കാനുള്ള മീൻപിടിക്കുക, സമയം കളയാനുള്ള വിനോദം എന്നീ നിലകളിൽ മാത്രമേ വർഷങ്ങൾക്കുമുമ്പ് ചൂണ്ടയിടലിനെക്കണ്ടുവെങ്കിൽ വരുമാനമാർഗമായും മുഴുവൻ സമയ തൊഴിലായും ഇതിനെത്തുന്നവർ നിരവധി. ഫിഷിങ് റോഡ്, റീൽ, ബയ്ഡഡ് ലൈൻ (നങ്കീസിനു പകരം ഉപയോഗിക്കുന്ന കൂടുതൽ ബലമുള്ള നൂല്), ലൂർ (മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഇരകൾ) എന്നിവയൊക്കെയുപയോഗിച്ച് മീൻപിടിക്കാൻ നീലേശ്വരം അഴിമുഖത്തെ പുലിമുട്ടിലെ ഇരുഭാഗത്തും എത്തുന്നവർ നിരവധി. ചെറുപുഴ, മാലോം, ജോസ്ഗിരി, രാജഗിരി ഭാഗത്തുനിന്നുള്ളവരും

ചൂണ്ടയിടാനെത്തുന്നു. 1,50 രൂപ മുതൽ 6,000 രൂപ വരെ വിലയുള്ള ചൂണ്ടകൾ വിൽക്കുന്ന കടകൾ മടക്കരയിലും തെക്കടപ്പുറത്തുമുണ്ട്.കടലിലെയും പുഴയിലെയും കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ ആധുനിക ചൂണ്ടകളെത്തുന്നത് മലേഷ്യ, സിംഗപ്പൂർ, ചെന തുടങ്ങിയ

രാജ്യങ്ങളിൽനിന്നാണെന്ന് മടക്കര എ എസ് ടാക്കിൾ ഹബ് ഉടമ ഷംസുദ്ദീൻ മാവിലാടം പറഞ്ഞു. കൃത്രിമ മത്സ്യങ്ങളെ ഇരകളാക്കി വലിയ മത്സ്യങ്ങളെ ആകർഷിക്കുന്ന ചൂണ്ടകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കൃത്രിമ മത്സ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊളുത്തുകളുണ്ടാകും. തിളങ്ങുകയും അനങ്ങുകയും ചെയ്യുന്ന 'ഇരയെ ആക്രമണ സ്വഭാവമുള്ള മീനുകൾ തിന്നാനായുന്നോതോടെ കുരുങ്ങുന്നു. ടോപ്പ് വാട്ടർ ലൂർ, മിഡ് വാട്ടർ ലൂർ, ഡീപ് വാട്ടർ ലൂർ എന്നിങ്ങനെ മൂന്നിനങ്ങളുണ്ട്. പേരുകൾ പോലെ ആദ്യത്തേതിനു ജലപ്പരപ്പിലെയും രണ്ടാമത്തേതിന് വെള്ളത്തിന്റെ മധ്യഭാഗത്തെയും മൂന്നാമത്തേതിന് അടിത്തട്ടിലെയും മീനുകളെ പിടിക്കാം. ചൂണ്ടയേറിലുമുണ്ട് കാര്യം. കടലിൽ പരമാവധി ദൂരത്തേക്ക് കൊളുത്ത് വലിച്ചെറിയണം. പുഴയിലും പുലിമുട്ടുകളിലും അങ്ങനെ വേണ്ട. ഒടിയാത്ത പ്രത്യേകയിനം റോഡ് (ചൂണ്ടക്കോൽ) ആണ് മറ്റൊരു പ്രത്യേകത. കൊളുത്തിൽ മത്സ്യം ചെറുതായി തട്ടിയാൽപോലും അറിയാനാകും. മീൻ കുരുങ്ങിയാൽ ചരട് പൊട്ടിച്ചുരക്ഷപ്പെടാൻ ശ്രമിക്കും. ബലം പ്രയോഗിച്ച് വലിച്ചു കയറ്റാൻ ശ്രമിക്കരുത്. ചരട് പരമാവധി അയച്ചു കൊടുക്കുക. തളർന്നുവെന്നു തോന്നുമ്പോൾ മാത്രം മെല്ലെ വലിക്കുക. ജീവനുള്ള ചെമ്മീൻപോലുള്ള ഇരകളെ കിട്ടുമെങ്കിലും വമ്പൻ മീനുകളെ കുരുക്കാൻ ചൂണ്ട സഹിതമുള്ള കൃത്രിമ മീനുകളെയാണ് ഉപയോഗിക്കുന്നത്. ഫിഷിങ് ലൂർ എന്നറിയപ്പെടുന്ന ഇവയ്ക്ക് 4,000 രൂപവരെയുണ്ട്. മീനിന്റെ രൂപവും നിറവുമുള്ളവയുമുണ്ട്. ചിലതിന് മീനുകളെ ആകർഷിക്കാനുള്ള കൃത്രിമ മണവുമുണ്ട്. സദ്കി എന്നറിയപ്പെടുന്ന മാലപോലെ ഇരകളെ കോർത്ത് ഒരേസമയം ഒട്ടേറെ മീനുകളെ പിടിക്കുന്ന രീതിയുമുണ്ട്.

No comments