57-മത് കേരള സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് അമ്പലത്തറയിൽ പ്രൗഢ്വോജ്വല സമാപനം
അമ്പലത്തറ: കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷനും കാസർഗോഡ് ജില്ല റൈഫിൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 57 മത് സംസ്ഥാന ഷ്യൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിന് പ്രൗഢ ഗംഭീര സമാപനം.
കഴിഞ്ഞ 6 ദിവസങ്ങളിലായി,50 മീറ്റർ,25 മീറ്റർ,10 മീറ്റർ എന്നീ വിഭാഗങ്ങളിലായി അത്യന്തം വാശിയോടെ നടന്ന മൽസരത്തിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി.പാലക്കാടും തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നായി 835 പേരാണ് 200 ഓളം ഇനങ്ങളിൽ വരുന്ന മൽസരത്തിൽ മാറ്റുരച്ചത്.
സമാപന ചടങ്ങ് എ ഡി ജി പി ( പോലീസ് ഹെഡ് ക്വാർട്ടേർസ് ) എസ്.ശ്രീജിത്ത് ഉൽഘാടനം ചെയ്ത് വിജയികൾക്ക് മെഡലുകൾ നൽകി.
ജില്ലാ പോലീസ് മേധാവിയും കാസർഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ വിജയഭാരത് റെഡ്ഡി അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി.സി. ജെയിംസ് നന്ദി പ്രഭാഷണം നടത്തി.സ്റ്റേറ്റ് അസോസിയേഷൻ ട്രഷററും,കാസർഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറിയുമായ അഡ്വ. കെ.എ.നാസർ സ്വാഗതം പറഞ്ഞു.
സമ്മാനദാന ചടങ്ങിന് എ.കെ. ഫൈസൽ (ട്രഷറർ ) രാജേന്ദ്രകുമാർ (ജോയിന്റ് സെക്രട്ടറി ) ലക്ഷ്മി കാന്ത് ( കണ്ണൂർ ജില്ല സെക്രട്ടറി )അഭിജിത് (കോഴിക്കോട് ജില്ല സെക്രട്ടറി ) എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ വെച്ച് സെപ്റ്റംബർ 24 മുതൽ 29 വരെ ഡൽഹിയിൽ വെച്ച് നടക്കുന്ന ജൂനിയർ വേൾഡ് കപ്പ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഞ്ചിന്റെ ചീഫ് റൈഞ്ച് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മിലൻ ജെയിംസിനെ എ ഡി ജി പി പൊന്നാട അണിയിച്ച് ആദരിച്ചു.
No comments