അശാസ്ത്രീയ നിർമ്മാണം ; ബളാന്തോട് ഹയർ സെക്കൻഡറി സ്ക്കൂൾ റോഡിൻ്റെ സുരക്ഷാ ഭിത്തി അപകടാവസ്ഥയിലെന്ന് പരാതി
രാജപുരം : അടിത്തറ കെട്ടാതെ കെട്ടിയുയർത്തിയ ബളാന്തോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ സുരക്ഷാ ഭിത്തി അപകടത്തിലെന്ന് പരാതി. സുരക്ഷാ ഭിത്തിയുടെ പല ഭാഗവും പറത്തേക്ക് ഉന്തി ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ്. സംസ്ഥാന പാതയുടെ നിർമ്മാണത്തിനോടനുബന്ധിച്ച് പനത്തടി ടൗണിൽ വീതി കൂട്ടിയതിന്റെ ഭാഗമായാണ് സ്ക്കൂൾ റോഡ് സുരക്ഷാ ഭിത്തി കെട്ടി പുനർനിർമ്മിക്കേണ്ടി വന്നത്. നിർമ്മാണത്തിലെ അപാകതയാണ് ഭിത്തി പുറത്തേക്ക് തള്ളി വരാൻ കാരണമായതെന്നാണ് പറയുന്നത്. ഇതിൽ പിടിഎ യും, രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും ആശങ്കയിലാണ്. രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ പ്രധാന ഹയർ സെക്കൻഡറി സ്ക്കൂൾ ആയ ബളാന്തോട് ഹയർ സെക്കൻഡറി സ്കൂളിൻ്റെ സുരക്ഷാ ഭിത്തി നിർമ്മിക്കുവാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ മലനാട് വികസന സമിതി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കെആർഎഫ്ബി അധികൃതർ സുരക്ഷാ ഭിത്തികെട്ടാൻ തയ്യാറായത്. നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ ജില്ലാകളക്ടർക്ക് പരാതി നൽകുവാൻ മലനാട് വികസന സമിതി തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ പനത്തടി ടൗണിൽ പിഡബ്ല്യുഡി ഭൂമി കയ്യേറി നിർമ്മിച്ച കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഭുമി ഏറ്റെടുത്താൽ ടൗണിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരുങ്ങും. എന്നാൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി പ്രകാരം, പിഡബ്ല്യുഡി ഭൂമി അളന്ന് തിട്ടപ്പെടുത്തിയ 2019 ലെ രേഖകൾ പ്രകാരം അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ ആവശ്യമായ സർവ്വെ ഉദ്യോഗസ്ഥരെ നിയൊഗിക്കാൻ ജില്ലാ ഭരണകൂടവും, സർവെ ഡിപ്പാർട്ട്മെൻ്റും തയ്യാറാകാത്തത് വലിയ ജനരോക്ഷത്തിനും കാരണമായിട്ടുണ്ട്. ഈ വിഷയം ഉയർത്തി വലിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മലനാട് വികസന സമിതി നേതാക്കളായ ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, കൺവീനർ ബാബു കദളിമറ്റം, ജനറൽ സെക്രട്ടറി ബി അനിൽകുമാർ, വർക്കിംഗ് ചെയർമാൻ കെജെ സജി, ട്രഷറർ അജി ജൊസഫ്, മലനാട് വികസന സമിതി നേതാക്കളായ എകെ ശശി, ജനാർദ്ദനൻ ടിസി, രാജീവ് തോമസ്, അബു താഹിർ, സുനിൽ കുമാർ പിഎൻ, മോൻസി കെ, സനൽകുമാർ സിഎസ്, കെയു കൃഷ്ണകുമാർ,ശശി അട്ടേങ്ങാനം, ഷിജു കുമാർ എസ്, ജി ഷാജിലാൽ, കെ ബാലൻ,കെഎൻ വേണു, റോബി തോമസ്, സുരേഷ് ബാബു, അരുൺ ബാലകൃഷ്ണൻ, മഹേഷ് ചെറുപനത്തടി, കെ കുഞ്ഞികൃഷ്ണൻ ബളാന്തോട്, കെ പദ്മനാഭൻ കണ്ണോത്ത് മാച്ചിപ്പള്ളി, നൗഷാദ് ബളാന്തോട്, സജീവ് മാച്ചിപ്പള്ളി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
No comments