Breaking News

ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ് പദ്ധതി; കാസർകോട് ജില്ലയ്ക്ക് 19 ലക്ഷം അനുവദിച്ചു


വെള്ളരിക്കുണ്ട് : രാജ്യത്തെ 12 ആസ്പിരേഷണൽ ജില്ലകളിലും ആസ്പിരേഷൻ ബ്ലോക്ക് പഞ്ചായത്ത് ഇനത്തിൽ കാസർകോട് ജില്ലയ്ക്കുമാണ് നീതി ആയോഗ് പദ്ധതി അനുവദിച്ചത് . കാസർകോട് ജില്ലയിൽ പരപ്പ ആസ്പിരേഷൻ ബ്ലോക്ക് പരിധിയിൽ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങൾക്കും പാർക്കിസൺസ്, അപസ്മാരം, ഡിമെൻഷ്യ തുടങ്ങിയ നാഡീ സംബന്ധമായ രോഗങ്ങൾക്കും  തുടർ ചികിത്സ നൽകുന്നതിനും മറ്റ് തെറാപ്പികൾ നൽകുന്നതിനുമായി ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും. രാജ്യത്തെ 12 ആസ്പിരേഷണൽ ജില്ലകളിലാണ് നിലവിൽ ഈ സൗകര്യം ലഭിക്കുന്നത്. ആദ്യമായാണ് ഒരു ആസ്പിരേഷണൽ ബ്ലോക്കിന് ഈ സംവിധാനത്തിന്റെ സേവനം ലഭിക്കുന്നത്.ജില്ലയിൽ ഒരു കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചു. ആദ്യ ഘട്ടത്തിൽ 19 ലക്ഷം രൂപയാണ് നീതി ആയോഗ് അനുവദിച്ചത്.  പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ വകുപ്പ് ജീവക്കാർക്കും, തെറാപ്പിസ്റ്റുകൾക്കും പ്രൊജക്ടിന്റെ ഭാഗമായി പരിശീലനം നൽകും.  തുടർന്ന് ഒപി തുറക്കുകയും ആവശ്യമുള്ള ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും. നാഡീരോഗങ്ങളുമായി ബന്ധപ്പെട്ട് കഷ്ടതകൾ അനുഭവിക്കുന്ന രോഗികൾക്ക് തെറാപ്പിയിലൂടെ ജീവിത നിലവാരം വർദ്ധിപ്പിക്കാൻ സാധ്യത പ്രയോജനപ്പെടുത്തി കൂടുതൽ അളുകൾക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ആസ്പിരേഷണൽ ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ജില്ലാ കളക്ടറുടെ പ്രത്യേക താൽപര്യപ്രകാരം ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെട്ട കാസർകോട് ജില്ലയേയും ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

No comments