എയിംസെത്തിച്ചാല്‍ ഒരു പവന്റെ മോതിരം വാങ്ങിത്തരാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളി; എംപിക്ക് ഒരു മുഴം കയര്‍ വാങ്ങിത്തരാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
എയിംസിനെച്ചൊല്ലി കാസര്‍കോഡ് ബിജെപി- കോണ്‍ഗ്രസ് പോര്. എയിംസെത്തിച്ചാല്‍ ബിജെപി ജില്ലാ പ്രസിഡന്റിന് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമോതിരം സമ്മാനമായി നല്‍കാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രഖ്യാപിച്ചത് ബിജെപിയെ പ്രകോപിപ്പിച്ചു. കാസര്‍ഗോട്ടെ ആരോഗ്യമേഖലയെ സംരക്ഷിക്കാന്‍ കഴിയാത്ത എംപിക്ക് ഒരു മുഴം കയര്‍ വാങ്ങിത്തരാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി തിരിച്ചടിച്ചതോടെ പോര് രൂക്ഷമായി
ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനിക്ക് വിവരമില്ലെന്നും രാഷ്ട്രീയ അജ്ഞതയാണ് തന്നെ വിമര്‍ശിക്കുന്നതിന് പിന്നിലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞിരുന്നു. ബിജെപിക്കാര്‍ക്ക് ഇത്രയും പവറുണ്ടെങ്കില്‍ എംപിയെ ഒഴിവാക്കി എംയിസ് കൊണ്ട് വരട്ടേ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെല്ലുവിളിക്കുകയായിരുന്നു. രാഷ്ട്രീയത്തിലെ പുതുമുഖമായതിനാല്‍ എം എല്‍ അശ്വിനിക്ക് എംയിസ് എങ്ങനെയാണ് എത്തുന്നത് എന്ന് വലിയ ധാരണയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
എംയിസിന് വേണ്ടി നിരന്തരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് പറഞ്ഞിരുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഫോളോ അപ്പ് ചെയ്യാത്തത് വീഴ്ചയായെന്നും രാവിലെ എം എല്‍ അശ്വിനി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയെ വെല്ലുവിളിച്ചതോടെ ഫേസ്ബുക്കിലൂടെ രൂക്ഷ പരിഹാസമുയര്‍ത്തി അശ്വിനി വീണ്ടും രംഗത്തെത്തുകയായിരുന്നു. കാസര്‍ഗോഡിന്റെ വികസനവും ആരോഗ്യമേഖലയില്‍ മാറ്റവും കൊണ്ടുവരാന്‍ സാധിക്കാത്ത എംപിക്ക് താന്‍ ഒരു മുഴം കയര്‍ വാങ്ങിത്തരാമെന്നായിരുന്നു അശ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
No comments