പൂമാലിക പുരസ്‌കാരം ; പ്രമുഖ പൂരക്കളി മറുത്തുകളി പണിക്കറും പണ്ഡിതനുമായ കരിന്തളം അണ്ടോൾ ഒ വി രത്നാകരൻ പണിക്കർക്ക്
കരിന്തളം : കൊല്ലൂർ ആസ്ഥാനമായുള്ള മഹാകവി കുട്ടമത്ത് സംസ്‌കൃതി കേന്ദ്രത്തിന്റെ ഈ വർഷത്തെ പൂമാലിക പുരസ്കാരത്തിന് പ്രമുഖ പൂരക്കളി മറുത്തുകളി പണിക്കറും പണ്ഡിതനുമായ അണ്ടോളിലെ ഒ വി രത്നാകരൻ പണിക്കർ അർഹനായി. പുരസ്‌കാരം കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ സെപ്റ്റംബർ 22 ന് നടക്കുന്ന കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ കെ എൻ കുറുപ്പ് സമ്മാനിക്കും. ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും.പൂരക്കളി മറുത്തുകളി രംഗത്ത് സജീവമായതിന്റെ സുവർണ ജൂബിലി വർഷം തികയുന്ന സന്ദർഭത്തിലാണ് രത്നാകരൻ പണിക്കർക്ക് പുരസ്‌കാരം ലഭിച്ചത്. സമഗ്ര സംഭാവനയ്ക്കുള്ള പൂരക്കളി അക്കാദമി അവാർഡ് ജേതാവ് കൂടിയായ അണ്ടോൾ ബാലകൃഷ്ണൻ പണിക്കരുടെ ശിക്ഷണത്തിൽ 1973 ൽ നീലേശ്വരം നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ ആണ് പൂരമാലയ്ക്ക് തുടക്കം കുറിച്ചത്. 1984 ൽ ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് പട്ടും വളയും ലഭിച്ചത്. 1997 ൽ കുഞ്ഞിമംഗലം അണിയിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂരക്കളി പണിക്കർമാർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ
വീരശൃംഖല പുരസ്‌കാരവും ലഭിച്ചു. 2018 ൽ പൂരക്കളി മറുത്തുകളിയിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദേശത്ത് ഉൾപ്പെടെ പൂരക്കളി അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും പൂരക്കളി മറുത്തുകളി രംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും സജീവമാണ് അണ്ടോൾ ഒ വി രത്നാകരൻ പണിക്കർ. കെ. വി ശാന്തയാണ് ഭാര്യ, രസ്ന, ശ്രീഹരി എന്നിവർ മക്കളാണ്.
No comments