സംസ്ഥാന അവാർഡ് നേടി അജാനൂർ പഞ്ചായത്തിൻ്റെ “ആനന്ദവനം” പച്ചത്തുരുത്ത്
അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ "ആനന്ദവനം" പച്ചത്തുരുത്ത് നവകേരളം കർമ്മ പദ്ധതി- ഹരിത കേരളം മിഷൻ സംസ്ഥാന അവാർഡിന് അർഹമായി. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. 2025 ജൂലൈ 11 ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വൃക്ഷ തൈ നട്ടാണ് ആനന്ദവനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആനന്ദവനം പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത് മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്താണ്
2009 ൽ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ്റ നേതൃത്വ ത്തിലാണ് 3 ഏക്കർ ഭൂമി മതിൽ കെട്ടി സംരക്ഷിച്ച് വൃക്ഷത്തെ വെച്ച് പിടിക്കാൻ പദ്ധതി തയ്യാറാക്കിയത്. മാലിന്യം കുന്ന് കൂടിയതും മൃദദേഹങ്ങൾ സംസ്കരിക്കുകയും ചെയ്തിരുന്ന പ്രദേശം വേർതിരിച്ച് മാലിന്യ സംസ്‌കരണ പ്ലാൻ്റും പൊതു ശ്മശാനവും സ്ഥാപിച്ചു. ബാക്കിയുള്ള സ്ഥലത്ത് സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. തുടർ വർഷങ്ങളിൽ ഉണ്ടായ തീപിടുത്തത്തിൽ തൈകൾ നശിച്ചുവെങ്കിലും വീണ്ടും വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചു. 2018- 19 പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നേഴ്‌സറി ഉണ്ടാക്കി വിപുലമായ നിലയിൽ പദ്ധതി നടപ്പിലാക്കി. 2020-25 കാലയളവിൽ പ്രത്യേകശ്രദ്ധ ചെലുത്തി വനവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കി. നിലവിൽ 2865 മരങ്ങൾ ആനന്ദ വനത്തിലുണ്ട്. കൂടാതെ ആയിരത്തോളം തൈകൾ പുതിയതായി നട്ടുപിടിപ്പിച്ചു.
സ്വാഭാവിക വനമായിമാറികൊണ്ടിരിക്കുന്ന ആനന്ദ വനം ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയാണ്. അൻപതിൽ പരം തരങ്ങളിലുള്ള മരങ്ങൾ, വിവിധയിനം സസ്യങ്ങൾ, വള്ളിച്ചെടികൾ, ചെറുസസ്യങ്ങൾ, വിവിധതരം ചിത്രശലഭങ്ങൾ, വിവിധതരം പക്ഷികൾ, ചെറു ജീവികൾ എന്നിവകൊണ്ട് സംപുഷ്ടമാണ് ആനന്ദവനം. വൃക്ഷങ്ങളുടെ ലേബലിംഗ് കൂടി പൂർത്തിയാവുന്നതോടെ വിദ്യാർത്ഥികൾക്ക് പഠന ഗവേഷണങ്ങൾക്ക് വലിയ സഹായകരമാകുന്ന പദ്ധതിമായി മാറും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉപഹാരം നൽകി
No comments