Breaking News

കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ പനത്തടി മുതൽ ചിറംകടവ് വരെയുള്ള റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരം അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യം

രാജപുരം : പനത്തടി - കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ ടാറിങ്ങ് പ്രവൃത്തി പൂർത്തീകരിക്കുവാൻ ബാക്കിയുള്ള പനത്തടി മുതൽ പാണത്തൂർ ചിറംകടവ് വരെയുള്ള ഭാഗങ്ങളിൽ റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് വാഹന യാത്ര ദുസ്സഹമായി. ഈ ഭാഗത്ത് മാസങ്ങൾക്ക് മുമ്പും വൻ കുഴികൾ രൂപപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുഴികൾ നികത്തിയെങ്കിലും വീണ്ടും വൻകുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. രോഗികളേയും കൊണ്ട് പോകുന്ന ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് നിരന്തരം ഈ വഴി കടന്നുപോകുന്നത്. കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപറ്റുന്നതും നിത്യസംഭവമാണ്. യാത്രക്കാർ ഇത് വഴി യാത്ര ചെയ്യാൻ മടിക്കുകയാണെങ്കിലും  മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ ദുരിതം സഹിച്ചും ഈ വഴി തന്നെ തിരഞ്ഞെടുക്കുകയാണ്. സംസ്ഥാന പാതയിലെ പണികൾ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കരാർ കമ്പനിക്ക് ഇതുവരെയായും പണികൾ പൂർത്തികരിക്കുവാൻ സാധിച്ചിട്ടില്ല. പനത്തടി വരെ ടാറിങ്ങ് പ്രവൃത്തികൾ പൂർത്തിയായെങ്കിലും തുടർന്ന് ചിറംകടവ് വരെയുള്ള ഭാഗങ്ങളിലാണ് വാഹന യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. റോഡിലെ കുഴികൾ അടിയന്തിരമായി  നികത്തണമെന്ന് പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.ജെ ജെയിംസ് കേരളാ റോഡ് ഫണ്ട് ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു.


No comments