Breaking News

പെരുമ്പട്ട - മുക്കട പാലം: അടിഭാഗവും അപ്രോച്ച് റോഡിന്റെ ഭിത്തിയും തകർന്ന് അപകടഭീഷണി...


ഭീമനടി : വെസ്റ്റ് എളേരി, ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുമ്പട്ട മുക്കട പാലത്തിന്റെ അടിഭാഗവും അപ്രോച്ച് റോഡിന്റെ കൽഭിത്തിയും തകർന്ന് അപകടഭീഷണി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2021ൽ ആണ് പാലം നിർമിച്ചത്. പാലത്തിന്റെ തൂണിനോടു ചേർന്ന കോൺക്രീറ്റ് പൂർണമായും തകർന്നു. കൂടാതെ പാലത്തിനോടു ചേർന്ന അപ്രോച്ച് റോഡിന്റെ ഭിത്തിയും തകർന്ന നിലയിലാണ്. നിർമാണത്തിൽ നടന്ന ക്രമക്കേടുകളാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

അഞ്ചോളം ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളണ് പാലം വഴി സഞ്ചരിക്കുന്നത്. കയ്യൂർ കുണ്ട്യം, പള്ളിപ്പാറ ഭാഗത്തേക്ക് എത്താനുള്ള പ്രധാന വഴിയാണിത്. പാലം വരുന്നതിന് മുൻപ് തോണി വഴിയായിരുന്നു ജനങ്ങൾ ഇരുഭാഗങ്ങളിലേക്കും എത്തിയിരുന്നത്. 1959ൽ ചന്ദ്രബാനു കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് 1968ൽ അനുവദിച്ച പാലം പൂർത്തിയായത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ്. 2021 ജൂൺ 21ന് മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. തകർന്ന പാലത്തിന്റെ തൂണിനോടു ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും അപ്രോച്ച് റോഡ് പുനർനിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

No comments