വയോധികന് പുതുജീവൻ നൽകി വളപട്ടണം പോലീസ്
വളപട്ടണം പാലത്തിൽനിന്ന് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കവെ സമയോചിതമായ ഇടപെടലിലൂടെ പഴയങ്ങാടി, കൊട്ടില സ്വദേശിയായ വയോധികന്റെ ജീവൻ രക്ഷിച്ച് വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ. എഎസ്ഐ സി. കെ.സുജിത്തും സിപിഒ മിഥുനുമാണു വയോധികന്റെ ജീവൻ രക്ഷിച്ചത്.
ബുധനാഴ്ച്ച വൈകുന്നേരം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കു പരിശീലനം നൽകാൻ ബൈക്കിൽ പോകുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ബനിയനും ഷർട്ടും അഴിച്ചുവച്ച്, പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്കു ചാടാൻ ശ്രമിക്കുകയായിരുന്നയാളുടെ അടുത്തേക്ക് ബൈക്ക് നിർത്തിയ സുജിത്തും മിഥുനും ഓടിയെത്തി പിടിച്ചുമാറ്റുകയായിരുന്നു.
എഎസ്ഐ സുജിത്തിന്റെ ചോദ്യങ്ങൾക്ക് ഇയാൾ ശരിയായ മറുപടി നൽകിയില്ല. പേരും സ്ഥലവും മാത്രമേ വയോധികന് ഓർമയുണ്ടായിരുന്നുള്ളൂ. തുടർന്ന് സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടുകാരെ കണ്ടെത്തി. ചെറിയ ഓർമക്കുറവുണ്ടെന്നും എന്തിനാണു പാലത്തിന്റെ കൈവരിയിൽ കയറിയതെന്ന് അറിയില്ലെന്നും പിന്നീട് ഇയാൾ പോലീസിനോടു പറഞ്ഞു. ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
No comments